തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ജോലി പൊലീസിനെ ഏൽപിച്ചതിന് പിന്നാലെ നഗരത്തിൽ ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് പട്ടിക തയ്യാറക്കൽ തുടങ്ങി. ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ടാവും പ്രവർത്തിക്കുകയെന്ന് സിറ്റി പൊലീസ് വ്യക്തമാക്കി. നഗരത്തിലെ കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് അതാത് സ്റ്രേഷനുകളിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇതിന് മാത്രമായി നിയോഗിക്കപ്പെട്ട പൊലീസുകാരുണ്ടാകും.
പ്രവർത്തനം ഇങ്ങനെ
അതാത് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി കൊവിഡ് പോസിറ്റിവായവരിൽ നിന്ന് സംഘം വിവരങ്ങൾ ശേഖരിക്കും. ഇവരുമായി പ്രാഥമികമായും ദ്വിതീയമായും സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ഇവയെല്ലാം ക്രോഡീകരിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന സമ്പർക്ക പട്ടിക അതാത് സ്റ്റേഷനുകളിലെ ജനമൈത്രി ഓഫീസർമാരും ബീറ്റ് ഓഫീസർമാരും ഉൾപ്പെടുന്ന ക്വാറന്റൈൻ ചെക്കിംഗ് ടീം നേരിട്ടും പ്രദേശവാസികളുടെ സഹായത്തോടെയും പരിശോധിച്ച് ഉറപ്പുവരുത്തും. അതിനുശേഷം പട്ടിക ആരോഗ്യപ്രവർത്തകർക്ക് കൈമാറും. ജനങ്ങളിൽ കൂടുതൽ ബോധവത്കരണം നടത്തുന്നതിനായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൈക്ക് അനൗൺസ്‌മെന്റ് നടത്തും.
ലിങ്കുണ്ട്, അറിയാം
ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോയെന്ന് അറിയുന്നതിനായി സിറ്റി പൊലീസിന്റെ 'കൊവിഡ് 19 സേഫ്റ്റി' എന്ന പുതിയ ആപ്പ് ഉപയോഗിക്കും. ഹോം ക്വാറന്റൈനിലുള്ളവർ എല്ലാവരും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇത് പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. എല്ലാ സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർക്ക് ആപ്പിന്റെ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലെ ബീറ്റ് ഓഫിസർമാരുടെ നേതൃത്വത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരെ ഈ ആപ്പ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിക്കും.