rehna

കൊച്ചി: സ്വന്തം നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. സുപ്രീം കോടതിയും മുൻ‌കൂർ ജാമ്യാപേക്ഷയും തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നത്. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയിരുന്നു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. മുൻകൂർ ജാമ്യം നിഷേധിച്ച സുപ്രീംകോടതി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അധിക്രമത്തിന്റെ പരിധിയിൽ ഈ കേസ് വരുമെന്നും വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ രഹ്ന തയ്യാറാകുന്നത്. സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ പിന്തുണ നൽകിയ എല്ലാവരോടും സ്നേഹം. നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നും രഹ്ന ഫേസ്‌ബുക്കിൽ കുറിച്ചു.