ഇടുക്കി: മൂന്നാറിൽ നിന്നും 30 കിലോമീറ്റർ ദൂരെയാണ് പെട്ടിമുടി. വരയാടുകളുടെ വിഹാര ഭൂമിയായ രാജമല ദേശീയോദ്യാനത്തിനുളളിലൂടെ വേണം പെട്ടിമുടിയിലെത്താൻ. നിറയെ പാറക്കൂട്ടങ്ങളുളള ദുർഘട വഴിയുളള പ്രദേശം. കഷ്ടിച്ച്
ഒരു ജീപ്പിന് കടന്നുപോവാനുള്ള വീതിയേ റോഡിനുള്ളു. ചെങ്കുത്തായ വഴിയിയുമാണ്.
പാർക്കിനുള്ളിലൂടെ പത്തു കിലോമീറ്റർ പോയാൽ വനപ്രദേശത്തെത്തും.അവിടവും കഴിഞ്ഞാണ് കണ്ണൻ ദേവന്റെ തേയിലത്തോട്ടം ആരംഭിക്കുന്നത്.തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളേ ഇവിടെ താമസമുള്ളു. ഇവർക്കായി കമ്പനി തന്നെ ലയങ്ങൾ നിർമ്മിച്ചു നല്കിയിട്ടുണ്ട്. തനിച്ചുള്ള വീടുകളോ കൃഷിസ്ഥലങ്ങളോ ഇവിടെയില്ല.
വൈദ്യുതി സൗകര്യമുണ്ടെങ്കിലും അവ പലപ്പോഴും ഉപകാരപ്പെടില്ല. ചെറിയൊരു കാറ്റ് വീശിയാൽത്തന്നെ വൈദ്യുതി മുടങ്ങും. തേയിലത്തോട്ടത്തിന്റെ നടുവിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോവുന്നത്. തോട്ടത്തിനുള്ളിലെ കാറ്റാടി മരങ്ങൾ വീണും
കമ്പുകൾ ലൈനിൽ അടിച്ചുമാണ് വൈദ്യുതി മുടങ്ങാറ്. ലൈൻ ശരിയാക്കണമെങ്കിൽ ആഴ്ചകൾ തന്നെ വേണ്ടിവരും.
മൊബൈൽ ഫോണിന് ഇവിടെ റേഞ്ച് ഇല്ല. അതിനാൽ തന്നെ അവിടത്തുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഒരു മാർഗവുമില്ല. ബി.എസ്.എൻ.എൽ ലൈനുകളും ഇല്ല. ചുരുക്കത്തിൽ ഒറ്റപ്പെട്ട ഗ്രാമമാണ് പെട്ടിമുടി.
തമിഴ് വംശജരായ തൊഴിലാളികളാണ് തോട്ടങ്ങളിൽ ജോലി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് തോട്ടത്തിൽ ജോലിക്കായി എത്തിയ തമിഴ് സ്വദേശികളുടെ പിൻതുടർച്ചക്കാരാണ് ഇപ്പോഴത്തെ തൊഴിലാളികൾ. കൊടുംതണുപ്പ് അനുഭവപ്പെടുന്ന പ്രദേശമാണിവിടം. ഇടയ്ക്ക് നല്ല മഴ പെയ്യും. ചെറിയ നൂൽ മഴയാണ് സാധാരണ വേനൽക്കാലങ്ങളിൽ പെയ്യുന്നത്. ഇവിടത്തുകാർക്ക് വൈദ്യ സഹായത്തിന് ആകെ ആശ്രയം കണ്ണൻ ദേവൻ കമ്പനിയുടെ മൂന്നാറിലെ ആശുപത്രി മാത്രമാണ്.
ചെറിയ ഉരുൾപൊട്ടലുകൾ ഇവിടെ സാധാരണമാണ്. എങ്കിലും ഇന്നലെയുണ്ടായത് പോലെ വലിയ അപകടങ്ങൾ ഉണ്ടായതായി ഇവിടുത്തുകാർക്ക് അറിവില്ല. ഇന്നലെ ഇവിടെ ഉരുൾപൊട്ടി വലിയ ദുരന്തം ഉണ്ടായപ്പോഴും പുറംലോകമറിയാൻ വൈകിയിരുന്നു. ഈ പ്രദേശത്തേക്ക് എത്താൻ പ്രയാസമായത് രക്ഷാപ്രവർത്തനത്തെയും തുടക്കത്തിൽ ദുഷ്കരമാക്കിയിരുന്നു. ഇനിയെങ്കിലും മതിയായ ബന്ധം പുറംലോകവുമായുണ്ടാകാൻ പെട്ടിമുടിയിലെ ഈ പാവം തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നെങ്കിൽ!!.