beirut-blast

ബെയ്‌റൂട്ട്: ലെബനനിലെ തുറമുഖനഗരമായ ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിനു പിന്നിൽ ബോംബാക്രമണമോ ബാഹ്യ ഇടപെടലോ ഉണ്ടോയോയെന്ന് പരിശോധിക്കുമെന്ന് ലെബനൻ പ്രസിഡന്റ് മിഷേൽ ആവോൺ. സ്‌ഫോടനം സംഭവിച്ചതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബാഹ്യ ഇടപെടലിനുള്ള സാദ്ധ്യതയുണ്ട്. അപകടമാണോ അനാസ്ഥയാണോ കാരണമായതെന്നതും അന്വേഷിക്കുമെന്ന് മിഷേൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 16 പേർ കസ്റ്റഡിയിലുണ്ട്.

അതേസമയം, സ്‌ഫോടനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു. ആക്രമണസാദ്ധ്യത പൂർണമായി തള്ളുന്നില്ലെന്ന് യു.എസ് പറഞ്ഞിരുന്നു. അതേസമയം, സ്‌ഫോടനത്തിൽ മരണം 154 ആയി. അവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലുകൾ തുടരുകയാണ്. യു.എൻ ഏജൻസികൾ സൗജന്യഭക്ഷണപ്പൊതികളും മരുന്നുകളും വിതരണം ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികളടക്കം തകർന്നടിഞ്ഞ നഗരത്തിലെ സ്ഥിതി ദയനീയമാണ്.