വാഷിംഗ്ടൺ: ഹോങ്കോംഗ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം ഉൾപ്പെടെ 11 പേർക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. പ്രദേശത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും തടസം വരുത്തിയെന്ന് ആരോപിച്ചാണു നടപടി. ഈ വ്യക്തികൾക്കോ അവർക്കു പങ്കുള്ള സ്ഥാപനങ്ങൾക്കോ യു.എസിലോ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലോ സാമ്പത്തികം ഉൾപ്പെടെ എല്ലാ ഇടപാടുകളും നിരോധിച്ചു. ഹോങ്കോംഗിൽ ചൈന ദേശീയ സുരക്ഷാനിയമം ഏർപ്പെടുത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.ചൈനയുമായുള്ള സംഘർഷത്തിൽ അയവില്ലെന്ന ശക്തമായ സൂചനയാണ് യു.എസ് നൽകുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
‘ആവിഷ്കാര സ്വാതന്ത്ര്യം, സംഘടിക്കുന്നതിനും ജനാധിപത്യ പ്രക്രിയകളിൽ ഭാഗമാകുന്നതിനുമുള്ള ജനങ്ങളുടെ അവകാശങ്ങൾ എന്നിവ നേരിട്ട് ഇല്ലാതാക്കുന്ന നയങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഈ 11 പേരും. ഹോങ്കോംഗിന്റെ സ്വയംഭരണാധികാരം കുറയ്ക്കുന്നതിനും ഇവർ ഉത്തരവാദികളായി. - യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.