ടൂറിൻ/ മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കാനാകാതെ ഇറ്റാലിയൻ ചാമ്പ്യൻന്മാരായ യുവന്റസും സ്പാനിഷ് ചാമ്പ്യൻന്മാരായ റയൽ മാഡ്രിഡും. ലോക്ക്ഡൗൺ ഇടവേളയ്ക്ക് ശേഷം പുരനാരംഭിച്ച ലീഗിൽ രണ്ടാം പാദ ക്വാർട്ടർഫൈനലിൽ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെ 2-1ന് തോൽപ്പിച്ചെങ്കിലും എവേ ഗോളിന്റെ കണക്കിൽ യുവന്റസ് പടിക്ക് പുറത്താവുകയായിരുന്നു. ആദ്യ പാദത്തിൽ ലിയോൺ 1-0ത്തിനാണ് വിജയിച്ചിരുന്നത്. ആദ്യ പാദത്തിൽ 2-1ന് വിജയിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിലും അതേ മാർജിനിൽ റയൽ മാഡ്രിഡിനെ കീഴടക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യം മുൻനിറുത്തി രണ്ട് സീസൺ മുമ്പ് മോഹവിലയ്ക്ക് റയലിൽ നിന്ന് കൊണ്ടുവന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഇരട്ടഗോളടിച്ചിട്ടും ഇത്തവണ അവസാന എട്ടിലേക്ക് കടക്കാൻ യുവന്റസിന് കഴിഞ്ഞില്ല.മത്സരത്തിന്റെ തുടക്കത്തിൽതന്നെ ലഭിച്ച പെനാൽറ്റിയിലൂടെ എവേ ഗോളിന്റെ ആനുകൂല്യം പിടിച്ചെടുത്ത ലിയോൺ പിന്നെ രണ്ട് ഗോളുകൾ വഴങ്ങിയെങ്കിലും ആകെ മാർജിൻ 2-2 ആയതിനാൽ എവേ ഗോൾ കാര്യങ്ങൾ നിശ്ചയിക്കുകയായിരുന്നു. 12-ാം മിനിട്ടിൽ മെംഫിസ് ഡെപെയ് പെനാൽറ്റിയിലൂടെ നേടിയ ഗോളിനാണ് ലിയോൺ ലീഡുനേടിയത്. 43-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ തന്നെ ക്രിസ്റ്റ്യാനോ ഇതിന് തിരിച്ചടി നൽകി. 60-ാം മിനിട്ടിൽ ഒരു ഗോൾ കൂടി ക്രിസ്റ്റ്യാനോ നേടി. എന്നാൽ തുടർന്നുള്ള അരമണിക്കൂർ പരിശ്രമിച്ചിട്ടും ക്വാർട്ടറിലേക്കുള്ള പൂട്ടുതുറക്കാനായില്ല. ഇൗ തോൽവി യുവന്റസ് കോച്ച് മൗറീഷ്യോ സറിയുടെ കസേരയ്ക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്.
ഇൗ സീസണിൽ മികച്ച ഫോമിലായിരുന്ന നായകൻ സെർജിയോ റാമോസിന് വിലക്ക് മൂലം കളിക്കാൻ കഴിയാതിരുന്നതിന്റെ തിരിച്ചടിയാണ് റയലിനേറ്റത്. റാമോസിന് പകരം ഇറങ്ങിയ റാഫേൽ വരാനെയുടെ രണ്ട് വലിയ മണ്ടത്തരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോളുകൾ ഉള്ളംകയ്യിൽ വച്ച് നൽകുകയായിരുന്നു.ഒൻപതാം മിനിട്ടിൽ റഹിം സ്റ്റെർലിംഗ് സിറ്റിക്ക് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ 28-ാം മിനിട്ടിൽ കരിം ബെൻസേമ കളി സമനിലയിലാക്കി. 68-ാം മിനിട്ടിൽ ജീസസ് നേടിയ ഗോൾ സിറ്റിക്ക് വിജയവും 4-2 എന്ന മാർജിനിൽ ക്വാർട്ടർ പ്രവേശനവും ഉറപ്പാക്കി.
അടുത്ത ശനിയാഴ്ച രാത്രി ലിസ്ബണിൽ നടക്കുന്ന ഏകപാദ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ നേരിടും.
ജയിച്ചിട്ടും തോറ്റ യുവന്റസ്
ഇറ്റാലിയൻ സെരി എയിൽ കിരീടമുറപ്പിച്ച ശേഷം നടന്ന രണ്ട് മത്സരങ്ങളിലും തോറ്റിരുന്ന യുവന്റസിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പ്രവേശനം അനിവാര്യമായിരുന്നു. രണ്ടാം പാദത്തിൽ വെറുമൊരു ജയത്തിലുപരി മികച്ച മാർജിൻ അവർക്ക് വേണ്ടിയിരുന്നതാണ്. ആതിഥേയരുടെ മോഹങ്ങൾക്ക് മേൽ ഇടിത്തീപോലെയാണ് 12-ാം മിനിട്ടിലെ പെനാൽറ്റി വന്നുപതിച്ചത്.
കളിത്തിരിവുകൾ
12-ാം മിനിട്ട്
പെനാൽറ്റി
പന്തുമായി മുന്നേറിയ ഒൗവാറിനെ യുവന്റസ് താരം ബെന്റാംകുർ പിന്തുടരുന്നതിനിടെ ടാക്ളിംഗ് നടത്തിയ ബെർണാദേശിയുടെ ഫൗളിനാണ് റഫറി സ്പോട്ട്കിക്ക് വിധിച്ചത്. ബെർണാദേശി പന്തിൽ ഷൂട്ട് ചെയ്ത ചെയ്തശേഷമാണ് ഒവാറിന്റെ കാലിൽ ചവിട്ടിയതെങ്കിലും വാർ പരിശോധിച്ച് റഫറി തീരുമാനം എടുക്കുകയായിരുന്നു. കിക്കെടുത്ത ഡെപപ്പേയ് ഗോളി ഷ്വാഷെൻസ്കിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വലകുലുക്കി.
പകരം പെനാൽറ്റി
42-ാം മിനിട്ട്
യുവന്റസിന് തിരിച്ചടിക്കാൻ വഴിയൊരുക്കിയതും പെനാൽറ്റിയാണ്. ക്രിസ്റ്റ്യാനോ എടുത്ത ഒരു ഫ്രീകിക്ക് ഗോളി തട്ടിയകറ്റിയതിന് പിന്നാലെ പ്യാനിച്ചിന്റെ ഒരു ഷോട്ട് ബോക്സിന് മുന്നിൽവച്ച് ഡെപ്പേയുടെ കയ്യിൽത്തട്ടി. ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ വലയിലാക്കുകയായിരുന്നു.
ലോംഗ് റേഞ്ച് വിന്നർ
60-ാം മിനിട്ട്
ബോക്സിന് പുറത്തുവച്ച് ബെർണാദേശി നൽകിയ പാസുമായി കറങ്ങിത്തിരിഞ്ഞുകയറിയ ക്രിസ്റ്റ്യാനോ ദൂരെ നിന്ന് ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ട് മനോഹരമായ ഗോളായി മാറി.
1
യുവന്റസ് ചാമ്പ്യൻസ് ലീഗ് ഹോം മാച്ചിൽ വഴങ്ങുന്ന ആദ്യ പെനാൽറ്റി ഗോളായിരുന്നു ഡെപ്പേയുടേത്. 2009ൽ എവേ മാച്ചിൽ ബയേണിൽ നിന്ന് പെനാൽറ്റി വഴങ്ങിയിട്ടുണ്ട്.
95
വർഷം പഴക്കമുള്ള ഒരു റെക്കാഡ് ഇന്നലെ ക്രിസ്റ്റ്യാനോ തകർത്തു.യുവന്റസിനായി ഒരു സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന 1925ലെ ഫറെങ്ക് ഹിസ്റേസിന്റെ റെക്കാഡാണ് ക്രിസ്റ്റ്യാനോ തകർത്തത്.
37
ഗോളുകളാണ് ഇൗ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി ക്രിസ്റ്റ്യാനോ നേടിയത്. 31 ഗോളുകൾ സെരി എയിൽ നിന്ന് നേടി.
2009-10
സീസണിന് ശേഷം ക്രിസ്റ്റ്യാനോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയാതെ വരുന്നത് ഇതാദ്യമാണ്.
വരാനെയുടെ വിഡ്ഢിത്തരങ്ങൾ
സ്കൂൾ കുട്ടികൾ പോലും വരുത്താത്ത രണ്ട് പിഴവുകളാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പരിചയ സമ്പന്നനായ ഡിഫൻഡർ റാഫേൽ വരാനെ വരുത്തിയത്. രണ്ടും ഗോളിനുള്ള വഴി തുറക്കുകയും ചെയ്തു.
1. സ്വന്തം ഗോളി നൽകിയ പന്ത് മുന്നോട്ടു നൽകുന്നതിന് പകരം തട്ടികൊണ്ടുനടന്ന വരാനെയിൽ നിന്ന് നിഷ്പ്രയാസം ഗബ്രിയേൽ ജീസസ് പന്ത് തട്ടിയെടുത്തു. പിന്നിൽ ജീസസ് ഉണ്ടായിരുന്നത് വരാനെ കണ്ടിരുന്നില്ല. ജീസസ് പന്തു റാഞ്ചി സ്റ്റെർലിംഗിന് കൈമാറിയപ്പോഴാണ് ഞെട്ടിപ്പോയത്. ഗോളിക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല.
2. വലതുഫ്ളാങ്കിലേക്ക് വന്ന ഹൈ ബാൾ ഹെഡ് ചെയ്ത് ഗോളിക്ക് കൊടുക്കാനുള്ള വരാനെയുടെ ശ്രമമാണ് അടുത്തഗോളിന് വഴിയൊരുക്കിയത്. വരാനെയുടെ വഴി പിഴച്ചഹെഡർ നേരെ ചെന്നുവീണത് ജീസസിന്റെ കാൽച്ചുവട്ടിൽ.അടുത്തഗോളിന് വിസിലൂതാൻ റഫറിക്ക് അധിക സമയം വേണ്ടി വന്നില്ല.