munnar

മൂന്നാർ: രാജമല പെട്ടിമുടിയിൽ ദാരുണാന്ത്യത്തിനിരയായവർ എല്ലാക്കാലവും ഇരകളാക്കപ്പെട്ടവരിൽ ചിലർ മാത്രം. മോശം ജീവിതസാഹചര്യങ്ങളുടെ, തോട്ടമുടമകളുടെ, മാറിവരുന്ന സർക്കാരുകളുടെ, തൊഴിലാളി യൂണിയൻ നേതാക്കളുടെ ഒക്കെ തുടർച്ചയായ വാഗ്ദാന ലംഘനങ്ങളുടെ ഇരകൾ. ഒറ്റമുറി ലയങ്ങളിൽ ജീവിതത്തിന് ശ്രുതിയോ താളമോ ഇല്ലാത്തവർ. തൊട്ടിലിലുറങ്ങുന്ന കുഞ്ഞുങ്ങളും കഞ്ഞിക്കലങ്ങളും വള്ളിക്കട്ടിലുമെല്ലാം ഒരുമുറിയുടെ പലമൂലകളിലിട്ട് ഉപ്പൊഴിച്ച കഞ്ഞി ആഡംബരമാക്കിയ ജീവിതങ്ങൾക്കെന്ത് താളം?

കൃത്യം ഒരുവർഷത്തിനിപ്പുറം പുത്തുമലയ്ക്കും കവളപ്പാറയ്ക്കും പിന്നാലെ പെട്ടിമുടിയുടെ പേര് കൂടി എഴുതിച്ചേർക്കപ്പെട്ടപ്പോഴും അവസ്ഥകൾക്ക് ഏകദേശം സമാനസ്വഭാവം. മരിച്ചവർ പാവപ്പെട്ട കർഷകരും ദളിതരും ആദിവാസികളും തന്നെ. തമിഴ്‌നാട്ടിൽ നിന്നെത്തി തുച്ഛമായ കൂലിക്ക് പണിയെടുത്ത്, ബ്രിട്ടീഷുകാരുടെ കാലത്തെങ്ങോ പണിത ചെറിയ ലയങ്ങളിൽ താമസിക്കുന്നവരാണ് പെട്ടിമുടിയിൽ ഉരുണ്ട് വന്ന വൻ പാറക്കഷണങ്ങൾക്കും മണ്ണിനും അടിയിൽപ്പെട്ടത്. മഴയോടും മഞ്ഞിനോടും നിരന്തരം പോരാടി, കിലോമീറ്ററോളം ഉയരത്തിൽ മലമുകളിലേക്ക് പുലർച്ചെ ഏന്തിവലിഞ്ഞ് കയറുകയും ഇരുട്ടുമ്പോൾ തിരികെയിറങ്ങുകയും ചെയ്യുന്ന പാവങ്ങൾ. വിദ്യാഭ്യാസമോ ശരിയായ ആരോഗ്യസുരക്ഷകളോ സർക്കാർ ആനുകൂല്യങ്ങളോ കിട്ടാത്തവർ.

നമ്മൾ മലയാളികൾക്ക് അവരെന്നും തമിഴരായിരുന്നു. മലയാളമണ്ണിൽ പണിയെടുത്ത് ജീവിക്കാനും സമ്പാദിക്കാനും വന്നവർ. പക്ഷേ, പെട്ടിമുടിയെന്നല്ല, മൂന്നാറിലെ ഏതൊരു പ്രദേശവാസിയോടും ചോദിച്ചാലറിയാം, അവർക്ക് കേരളത്തോടുള്ള സ്നേഹം. എന്നാൽ പലർക്കും ആധാർകാർഡോ റേഷൻകാർഡോ ഇല്ല. നല്ലൊരു സ്കൂളില്ല. ആശുപത്രിയില്ല. റോഡില്ല, മറ്റ് ഗതാഗത മാർഗങ്ങളില്ല. ചെയ്യുന്ന തൊഴിലിനനുസരിച്ച് കൂലിപോലുമില്ല.

ഈ ഇല്ലായ്മകളിൽ ചവിട്ടിനിന്നാണ് അവിടത്തെ തൊഴിലാളി സ്ത്രീകൾ പൊമ്പിളൈ ഒരുമെ എന്ന പേരിൽ ദിവസങ്ങളോളം സമരംചെയ്തത്. അവിടെയും രാഷ്ട്രീയക്കാരുടെയും തോട്ടമുടമകളുടെയും വാഗ്ദാനങ്ങളിൽ അവർ വഞ്ചിതരായി. ഇപ്പോഴിതാ, പ്രകൃതിയോടും അവർ തോറ്റുപിന്മാറുന്നു.

രാത്രി 10.45ഓടുകൂടിയുണ്ടായ ദുരന്തം പുറംലോകമറിയുന്നത് രാവിലെ 7.30ന് ശേഷമാണ്. മണിക്കൂറുകൾ മണ്ണിനടിയിൽ ശ്വാസംമുട്ടിക്കിടന്നപ്പോൾ എപ്പോഴെങ്കിലും അവർ കരുതിക്കാണില്ലേ, പ്രതീക്ഷയുടെ ടോർച്ചുവെളിച്ചവുമായി ആരെങ്കിലും വരുമായിരിക്കുമെന്ന്? പക്ഷേ അതുണ്ടായില്ല. ദിവസങ്ങളായി അവിടെ കറണ്ടോ നെറ്റ്‌വ‌ർക്ക് കണക്‌ഷനോ ഇല്ലായിരുന്നതു കാരണമാണ് അത് സംഭവിച്ചതെന്ന് എങ്ങനെ ആശ്വസിക്കാൻ കഴിയും? സുരക്ഷയൊരുക്കുമെന്ന് ഇപ്പോൾ പറയുന്നവർ, അപകടമേഖലയായിരുന്നില്ലെന്ന് ആവർത്തിക്കുന്നവർ എങ്ങനെയാണ് ഒരുകൂട്ടം മനുഷ്യരോട് നീതിപുലർത്താനൊരുങ്ങുന്നത്?