ലണ്ടൻ: ഇന്നലെയായിരുന്നു ലണ്ടനിലെ ബ്രിട്ടീഷ് ഫോറിൻ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിലെ ഉദ്യോഗസ്ഥനായ ലോഡ് പാമർസ്റ്റൺ, ദ ചീഫ് മൗസർ പദവിയിൽ നിന്നും വിരമിച്ചത്. ഉദ്യോഗസ്ഥർ വിരമിക്കുന്നത് സാധാരണമല്ലേയെന്ന് ചിന്തിക്കാൻ വരട്ടെ, ലോഡ് പാമർസ്റ്റൺ മനുഷ്യനല്ല പൂച്ചയാണ്. ഓഫീസിലെ എലികളെ പിടികൂടുന്നതായിരുന്നു ആശാന്റെ ഔദ്യോഗിക ചുമതല.
2016ലാണ് എലികളെ പിടിക്കുന്നതിനായി പൂച്ചയെ ഓഫീസിൽ കൊണ്ടു വന്നത്.
രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിസ്കൗണ്ട് പാമർസ്റ്റണിന്റെ പേരാണ് പൂച്ചയ്ക്ക് നൽകിയത്. പിന്നീട്, നയതന്ത്രജ്ഞ ഉദ്യോഗസ്ഥരുടെയൊപ്പം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ പാമർസ്റ്റൺ പൂച്ച പ്രശസ്തിയിലേക്കുയർന്നു. സോഷ്യൽമീഡിയയിൽ താരമായി.ട്വിറ്ററിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് പാമർസ്റ്റണിനുള്ളത്.
പ്രധാനമന്ത്രിക്കായി ഔദ്യോഗികമായി എലികളെ പിടികൂടുന്ന പൂച്ച ലാറിയുമായി പാമർസ്റ്റൺ സ്ഥിരമായി ഏറ്റുമുട്ടിയിരുന്നത് മുമ്പ് വാർത്തയായിരുന്നു. പിന്നീട്, വഴിയിലൂടെ പോയിരുന്ന ഒരു താറാവ് കുഞ്ഞിനെ പിടിച്ചതിനും പാമർസ്റ്റൺ വിമർശനം ഏറ്റുവാങ്ങി.
വിരമിക്കലുമായി ബന്ധപ്പെട്ട് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിലെ സ്ഥിരം അണ്ടർ സെക്രട്ടറി സർ സൈമൺ മക്ഡൊണാൾഡിന് അയച്ച കത്ത് പാമർസ്റ്റണിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഗ്രാമപ്രദേശത്ത് ഒരു കുടുംബത്തോടൊപ്പം താമസിക്കാൻ പാമർസ്റ്റൺ വിരമിക്കുകയാണെന്ന് പൂച്ചയ്ക്ക് വേണ്ടി എഴുതിയ കത്തിൽ പറയുന്നു.
“ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, ഞാൻ എല്ലായ്പ്പോഴും ബ്രിട്ടന്റേയും വിദേശ, കോമൺവെൽത്ത്, വികസന ഓഫീസുകളുടെയും അംബാസഡറായിരിക്കും.” കത്തിൽ പറയുന്നു. ട്വിറ്റർ പോസ്റ്റിൽ പാമർസ്റ്റൺ നടത്തിയ സേവനത്തെ വിദേശകാര്യ ഓഫീസ് പ്രശംസിച്ചു.“നാമെല്ലാവരും പാമർസ്റ്റണിനെ വല്ലാതെ മിസ് ചെയ്യും, പക്ഷേ വിരമിക്കലിന് ആശംസ നേരുന്നു.” ട്വീറ്റിൽ പറയുന്നു.