കണ്ണൂർ: വിമാനങ്ങളുടെ സഞ്ചാരക്രമം നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിന്റെ ജോലിഭാരം കൂടുമ്പോഴും ഏത് ദുരന്തത്തിനും പഴി കേൾക്കുന്നതും ഇവരാണ്. കരിപ്പൂർ ദുരന്തത്തിനും കാരണം കൺട്രോൾ പിഴവാണെന്ന ആശങ്ക ശക്തമാകുമ്പോൾ തങ്ങളുടെ വേദന ആരും അറിയുന്നില്ലെന്ന വിഷമമാണ് അവർക്ക്.
ഇന്ത്യയിലെ 157 വിമാനത്താവളങ്ങളുടെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ രണ്ടായിരത്തോളം ജീവനക്കാരുണ്ട്. വിമാനത്തിന്റെ ഗതിവിഗതികളും മറ്റും സംബന്ധിച്ച നിർദ്ദേശങ്ങൾ പൈലറ്റിന് നൽകുന്നത് എയർ ട്രാഫിക് കൺട്രോൾ ആണ്. വിമാനങ്ങളുടെ വരവും പോക്കും ഈ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് എ.ടി.എസ് ജീവനക്കാരെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന വിലയിരുത്തുന്നുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ആകാശത്തെ സഞ്ചാരം നിയന്ത്രിക്കുമ്പോൾ അപ്രോച്ച് യൂണിറ്റാണ് വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിയന്ത്രിക്കുന്നത്. കൺട്രോൾ ടവറിൽ എയർ ട്രാഫിക് കൺട്രോളർ, ആൽഫ കൺട്രോളർ, സൂപ്പർവൈസറി ഓഫീസർ, ട്രാഫിക് ഹാൻഡ് എന്നീ നാല് ഉദ്യോഗസ്ഥരാണ് ഒരേ സമയം ജോലി ചെയ്യുക.
ടേക്കോഫ് ചെയ്‌ത വിമാനങ്ങൾക്ക് മറ്റു എ.ടി.എസുകളുമായി ബന്ധപ്പെട്ട് ഗതി ഒരുക്കുന്ന സുപ്രധാന ചുമതലയും ഇവർക്കാണ്. അതിശക്തമായ റഡാർ ഉപയോഗിച്ചാണ് ഇവ നിയന്ത്രിക്കുന്നത്.
ആട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവെയ്ലൻസ് ബ്രോഡ് കാസ്റ്റ് ( എ.ഡി.എസ്.ബി) എന്ന നൂതന ഉപഗ്രഹ നാവിഗേഷൻ സാങ്കേതിക വിദ്യയാണ് വിമാനത്താവളങ്ങളിൽ ഉള്ളത്. ഉപഗ്രഹ നാവിഗേഷൻ ഉപയോഗിച്ച് വിമാനങ്ങൾ ഗതിനിർണയിക്കുകയും അത് ഭൂമിയിലേക്ക് അയയ്ക്കുന്ന സന്ദേശം ഉപയോഗിച്ച് വിമാനങ്ങളെ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സങ്കേതമാണിത്. കാലാവസ്ഥയിലെ വ്യതിയാനം പോലും കൃത്യമായി നൽകും. ദുബായിൽ നിന്നു കരിപ്പൂരിലേക്ക് പറക്കുന്ന വിമാനം കൊച്ചിയിൽ എത്തുമ്പോഴേക്കും ഇറങ്ങാനുള്ള പൂർണവിവരങ്ങൾ കൈമാറിയിരിക്കും. ഇതൊക്കെ കൃത്യമായി നടന്നുവെന്നു പറയുമ്പോഴും പിഴവ് എവിടെയാണെന്നാണ് അറിയേണ്ടത്.കനത്ത മഴയിൽ റൺവേയിൽ വഴുതി തെന്നിത്തെറിച്ചതാകാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. കരിപ്പൂരിൽ റൺവേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാൻഡിംഗ് അപകടകരമാണെന്നും റൺവേയുടെ പ്രതലത്തിൽ റബർ ക്രമാതീതമാണെന്നും ഡി.ജി.സി.എ വിലയിരുത്തിയിരുന്നു.