കൊച്ചി: കുട്ടികളെ ഉപയോഗിച്ച് നഗ്ന ശരീരത്തിൽ ചിത്രം വരച്ചതുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമ പൊലീസിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിലാണ് രഹ്ന കീഴടങ്ങിയത്. രഹ്നയുടെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി ഇന്നലെ തളളിയതിനെ തുടർന്നാണ് കീഴടങ്ങിയത്.
പ്രായപൂർത്തിയാകാത്ത തന്റെ മക്കളെ ഉപയോഗിച്ച് ശരീരത്തിൽ ചിത്രം വരപ്പിച്ച് അത് സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തതിനാണ് രഹ്നക്കെതിരെ കേസെടുത്തത്. വീഡിയോ വൈറലായതിനെ തുടർന്ന് രൂക്ഷ വിമർശനമാണ് രഹ്‌നക്കെതിരെ ഉണ്ടായത്. പോക്‌സോ പ്രകാരവും, ഐടി ആക്‌ട് പ്രകാരവും കൊച്ചി സിറ്റി പൊലീസ് ആണ് ആദ്യം കേസ് രജിസ്റ്രർ ചെയ്‌തത്. തുടർന്ന് ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് നിരീക്ഷിച്ച ശേഷമാണ് ഇന്നലെ രഹ്നയുടെ ഹർജി സുപ്രീംകോടതി തളളിയത്.