പ്ലേഗ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർ
ബീജിംഗ്: ചൈനയിൽ 'ബ്ളാക്ക് ഡെത്ത്' (കറുത്ത മരണം) എന്നു വിളിക്കപ്പെടുന്ന ബ്യുബോണിക് പ്ലേഗ് ഭീതി ഒഴിയുന്നില്ല. ഇന്നർ മംഗോളിയ പ്രദേശത്ത് കഴിഞ്ഞ ദിവസം ബ്യുബോണിക് പ്ലേഗ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ ഒരു ഗ്രാമം പൂർണമായും അടച്ചു. ബോന്റോ പട്ടണത്തിൽ ഞായറാഴ്ച മരിച്ചയാൾക്ക് ബ്യുബോണിക് പ്ലേഗ് ബാധിച്ചിരുന്നതായി കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം എവിടെ നിന്നും ബാധിച്ചുവെന്ന് വ്യക്തമല്ല.
രോഗവ്യാപനം തടയാനായി ഇയാൾ താമസിച്ചിരുന്ന ഇന്നർ മംഗോളിയ പ്രദേശത്തെ സൂചി ഷിൻകുൻ ഗ്രാമം പൂർണമായും അധികൃതർ അടച്ചു. ഇവിടുത്തെ എല്ലാ വീടുകളിലും ദിനവും അണുനശീകരണം നടത്തും. ഇതുവരെ നടത്തിയ പരിശോധനകളിൽ ഗ്രാമത്തിൽ ആർക്കും തന്നെ രോഗം കണ്ടെത്താനായില്ലെന്നാണ് വിവരം.
മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ ഒമ്പത് പേരെ പ്രൈമറി കോൺടാക്ടായും 26 പേരെ സെക്കൻഡറി കോൺടാക്ടായും തിരിച്ച് ക്വാറന്റൈൻ ചെയ്ത് നിരീക്ഷിച്ച് വരികയാണ്. ഇവരുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണ്. ഗ്രാമം സ്ഥിതി ചെയ്യുന്ന ഡമാവോ ബാനർ ജില്ലയിൽ ഈ വർഷം അവസാനം വരെ പ്ലേഗ് പടരാതിരിക്കാനുള്ള ലെവൽ 3 ജാഗ്രതാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസം ചൈനയിലെ ഇന്നർ മംഗോളിയ പ്രവിശ്യയിലെ ബെയന്നൂർ നഗരത്തിലും പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മരണം കഴിഞ്ഞദിവസമാണുണ്ടായത്.
ബ്യുബോണിക് പ്ളേഗ്
ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്നാണ് ബ്യുബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയൽ തുടങ്ങിയവയാണ് ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ. എലി, അണ്ണാൻ, മാർമറ്റ് തുടങ്ങിയ കരണ്ടു തീനികളിൽ കാണപ്പെടുന്ന ചെള്ളുകളാണ് മനുഷ്യരിൽ ബ്യുബോണിക് പ്ലേഗ് ഉണ്ടാകാനുള്ള പ്രധാന കാരണം. ചിലപ്പോൾ ഈച്ചകൾ വഴിയും രോഗം പകരാൻ സാദ്ധ്യതയുണ്ട്.
മദ്ധ്യകാലഘട്ടത്തിൽ ' ബ്ലാക്ക് ഡെത്ത് ' എന്ന അപരനാമത്തിൽ ലോകത്തെ വിറപ്പിച്ചതാണ് ബ്യുബോണിക് പ്ലേഗ്. യൂറോപ്പിൽ മാത്രം ഏകദേശം 50 ദശലക്ഷത്തോളം പേരുടെ ജീവനാണ് ബ്ലാക്ക് ഡെത്ത് കവർന്നത്. അതായത്, യൂറോപ്പിന്റെ അന്നത്തെ ജനസംഖ്യയുടെ പകുതിയോളം ബ്ലാക്ക് ഡെത്ത് തുടച്ചു നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശരിയായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കും.
മംഗോളിയയിലും പ്ളേഗ്
ചൈനയുടെ അയൽ രാജ്യമായ മംഗോളിയയിലും കഴിഞ്ഞ മാസം പ്ലേഗ് റിപ്പോർട്ട് ചെയ്തിരുന്നു. പടിഞ്ഞാറൻ മംഗോളിയയിലെ ഖോവ്ദ് പ്രവിശ്യയിൽ 2 പേർക്കാണ് ബ്യുബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്. വലിയ അണ്ണാന്റെ വകഭേദമായ മൂഷിക വർഗത്തിൽപ്പെട്ട മാർക്കറ്റുകൾ വഴിയാണ് മംഗോളിയയിൽ ബ്യൂബോണിക് പ്ലേഗ് പടർന്നതെന്ന് കണ്ടെത്തിയിരുന്നു.