covid-positive

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമൂഹവ്യാപന ആശങ്കയുയര്‍ത്തി പരിശോധനാ ഫലം. അഞ്ചുതെങ്ങില്‍ 476 പേരെ പരിശോധിച്ചതില്‍ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിൽ 26 ശതമാനത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥരീകരിച്ചവരില്‍ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഉള്‍പ്പെടുന്നു. നിലവില്‍ ആയിരത്തില്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങില്‍ കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടതായും അതിതീവ്ര വ്യാപനം നടന്നതായും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ സമൂഹവ്യാപനത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയതായുള്ള ആശങ്ക ഉയരുന്നുണ്ട്. ക്ലസ്റ്ററിന് പുറത്തേയ്ക്കും രോഗവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ അഞ്ചുതെങ്ങില്‍ മൂന്ന് മരണങ്ങളുണ്ടായിട്ടുണ്ട്.

കൊല്ലം ജില്ലാ ജയിലിലും രോഗവ്യാപനമുണ്ട്. തടവുകാരില്‍ 97 പേര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ജയിലിനു പുറത്ത് പ്രത്യേക ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.