വാഷിംഗ്ടൺ: പുലർച്ചെ തന്നെ ബാങ്കിൽ മോഷണം നടന്നുവെന്ന ഫോൺ കോളാണ് അയോവ നഗരത്തിലെ പൊലീസുകാരെ ഉണർത്തിയത്. എന്നാൽ, കള്ളൻ മോഷ്ടിച്ചതെന്തെന്ന് മനസിലായതോടെ പൊലീസുകാർ തലയ്ക്ക് കൈ വച്ചത്രേ. ബാങ്കിന്റെ ചില്ല് വാതിൽ കുത്തിത്തുറന്ന കള്ളൻ അവിടെ വച്ചിരുന്ന ഹാൻഡ് സാനിറ്റൈസറും എടുത്ത് ഒാടി രക്ഷപ്പെട്ടതായാണ് പൊലീസിന് വിവരം ലഭിച്ചത്.
മോഷണം നടത്തിയത് 39 കാരനായ മാർക് ഗ്രേയാണെന്ന് പിന്നീട് മനസിലായി. ഇയൾക്കെതിരെ മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിൽ അതേ രാത്രി മറ്റ് രണ്ട് മോഷണ ശ്രമങ്ങൾ നടന്നതായും രണ്ടിലും ഗ്രേയാണ് പ്രതിയെന്നും സൂചനയുണ്ട്. ആദ്യ കവർച്ച ശ്രമം നടന്നത് ഒരു കൗൺസിലിംഗ് സെന്ററിലാണ്. അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രണ്ടാമത് പ്രദേശത്തെ ഒരു ഭക്ഷണശാലയിലും മോഷ്ടാവ് കയറി. എന്നാൽ, കവർച്ച ശ്രമം നടന്ന മൂന്നിടത്തും മുന്നിലെ ഗ്ലാസ് വാതിലുകൾ തകർക്കാൻ മാത്രമെ ഇയാൾക്ക് കഴിഞ്ഞുള്ളു. അവസാനം ബാങ്കിൽ നിന്ന് സാനിറ്റൈസറും എടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.