സോൾ : വിചിത്ര നടപടികളിലൂടെയും വിവാദ പ്രവൃത്തികളിലൂടെയും എന്നും വാർത്തകളിൽ ഇടംനേടുന്നയാളാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. ഇപ്പോഴിതാ പ്രളയത്തിൽ മുങ്ങിയ ഗ്രാമത്തിലേക്ക് തന്റെ ആഡംബര എസ്.യു.വിയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് കിം. വടക്കൻ ഹ്വാൻഘേ പ്രവിശ്യയിലെ പ്രളയ ദുരിതം വിലയിരുത്താനെത്തിയ കിം തന്റെ ലെക്സസ് എൽ.എക്സ് 570 കാറിൽ സഞ്ചരിച്ചാണ് പ്രളയബാധിത പ്രദേശത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തത്.
ദിവസങ്ങളായി പെയ്ത കനത്ത മഴയുടെ ഫലമായി പ്രദേശത്തെ 700 ഓളം വീടുകൾക്കും 1,400 ഏക്കറോളം നെൽപ്പാടങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. 180 ഓളം വീടുകൾ പൂർണമായി തകർന്നു. വ്യാപക കൃഷി നാശമുണ്ടായതോടെ രാജ്യത്തെ ഭക്ഷ്യ മേഖല പ്രതിസന്ധിയിലാണ്. പ്രദേശത്തെത്തിയ കിം അവശ്യ വസ്തുക്കളും ഭക്ഷണവും ഉൾപ്പെടെയുമുള്ള അടിയന്തിര സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ ഉത്തരവിട്ടതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഉത്തര കൊറിയയിലേക്ക് ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് ഐക്യരാഷ്ട്ര സംഘടനാ സെക്യൂരിറ്റി കൗൺസിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നാട്ടുകാർ ദുരിതത്തിൽ കഴിയുമ്പോഴും കിമ്മിന്റെ ആഡംബരത്തിന് യാതൊരു കുറവുമില്ല. മേഴ്സിഡെസ് ബെൻസ്, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര കാറുകളിലായിരുന്നു കിം ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.