ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ കൊല ചെയ്യപ്പെട്ടതായി സംശയിക്കുന്ന പെൺകുട്ടിയെ കുടുംബം 'ജീവനോടെ' കണ്ടെത്തി. അതേസമയം, പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പിതാവും സഹോദരനുമുൾപ്പെടെ മൂന്നു പ്രതികൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് കുടുംബാംഗങ്ങൾ ആൺസുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്ന പെൺകുട്ടിയെ 'ജീവനോടെ' കണ്ടെത്തിയത്. സംഭവം പുറത്തായതോടെ അമ്രോഹ പൊലീസിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്.
18 മാസം മുമ്പ് കൊല ചെയ്യപ്പെട്ടതായി കരുതുന്ന കമലേഷി എന്ന പെൺകുട്ടിയെ വീട്ടുകാർ അയൽഗ്രാമമായ പൗരാരയിൽ നിന്നാണ് കണ്ടെത്തിയത്. രാകേഷ് എന്ന ആൺസുഹൃത്തിനൊപ്പമാണ് കമലേഷി കഴിഞ്ഞിരുന്നത്. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. ഇതോടെ കമലേഷിയെ 'കൊലപ്പെടുത്തി' എന്ന കേസിൽ ജയിലിൽ കഴിയുന്ന പിതാവിനെയും സഹോദരനെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.
'കൊലപാതകം' ഇങ്ങനെ
2019 ഫെബ്രുവരി 6 ന് അമ്രോഹ ജില്ലയിലെ അദാംപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള മലാപൂർ ഗ്രാമത്തിൽ നിന്നാണ് 'കൊലപാതകം' റിപ്പോർട്ട് ചെയ്തത്. സഹോദരി കമലേഷിയെ കാണാനില്ലെന്ന് രാഹുൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് ഫയൽ ചെയ്ത പൊലീസ് അന്വേഷണം നടത്തുകയും കമലേഷിയെ പിതാവ് സുരേഷും മൂത്തസഹോദരൻ രൂപ് കിഷോറും സഹായി ദേവേന്ദ്രയും ചേർന്ന് കൊലപ്പെടുത്തിയെന്ന കണ്ടെത്തലിൽ എത്തി. ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പെൺകുട്ടിയുടെ വസ്ത്രങ്ങളും 'പ്രതികളിൽ' നിന്നും തോക്കും വെടിയുണ്ടയും പിടിച്ചെടുത്തതോടെ 2019 ഫെബ്രുവരി 18ന് മൂന്നുപേരെയും അദാംപൂർ പൊലീസ് അറസ്റ്റു ചെയ്തു.