തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1420 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയ ദിനം ഇന്നാണ്. ഏറ്റവുമധികം രോഗമുക്തിയും ഇന്നാണ് 1715 പേർക്ക് രോഗം ഭേദമായി. ഉറവിടംഅറിയാത്ത കേസുകൾ 92 ആണ്.30 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 485 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. സംസ്ഥാനത്ത് ഇന്ന് നാലുപേർ കൊവിഡ് മൂലമാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. കാസർഗോഡ് ഉപ്പളയിലെ വിനോദ് കുമാർ (41), കൊല്ലം കിളികൊല്ലൂർ സ്വദേശി ചെല്ലപ്പൻ(60), കോഴിക്കോട് വെളളിക്കുളങ്ങര സ്വദേശിനി സുലൈഖ(63), ആലപ്പുഴ പാണാവളളി സ്വദേശി പുരുഷോത്തമൻ (84).
കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് നോക്കിയാൽ തിരുവനന്തപുരം 485, കോഴിക്കോട് 173, ആലപ്പുഴ 161,മലപ്പുറം 114,എറണാകുളം 101, കാസർഗോഡ് 73, തൃശൂർ 64, കണ്ണൂർ 57, കൊല്ലം-ഇടുക്കി 41, പാലക്കാട് 39,പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10.
ഇന്നലെ വിമാന അപകടത്തിൽ പെട്ടവർക്കെല്ലാം കൊവിഡ് പരിശോധന നടത്തും. ഇതിൽ മരണപ്പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.