parashuram-statue

ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തർപ്രദേശിൽ പരശുരാമന്റെ കൂറ്റൻ പ്രതിമ വരുന്നു. പതിവ് വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി എത്തിക്കാനാണ് സമാജ് വാദി പാർട്ടിയുടെ നീക്കം. അതിന്റെ ഭാഗമായാണ് പരശുരാമന്റെ കൂറ്റൻ പ്രതിമ നിർമിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തി.

അഖിലേഷ് യാദവ് സർക്കാരിൽ മന്ത്രിയായിരുന്ന അഭിഷേക് മിശ്രയ്ക്കാണ് പ്രതിമ നിർമാണത്തിന്റെ ചുമതല. വിഷ്ണുവിന്റെ അവതാരമായിട്ടാണ് പരശുരാമനെ വിശ്വാസികൾ കാണുന്നത്. പ്രതിമ നിർമാണത്തിലൂടെ ബ്രാഹ്മണ സമുദായത്തിന്റെ രക്ഷയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എസ്.പി നേതാക്കൾ പറയുന്നു. 108 അടിയുള്ള പ്രതിമയാണ് ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ജനേശ്വർ മിശ്ര പാർക്കിൽ നിർമിക്കുക. പരശുറാം ചേത്ന പീഠ് ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച്, ഈ ട്രസ്റ്റാണ് പ്രതിമ നിർമിക്കുക.