തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേർക്ക് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചപ്പോൾ ഇന്ന് രോഗം ഭേദമായത് 1,715 പേർക്ക്. കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുന്ന വേളയിൽ ഈ കണക്ക് നേരിയ ആശ്വാസം പകരുന്നതാണെങ്കിലും, ഇന്ന് 1,420 പേർക്ക് രോഗം ബാധിച്ചത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
ഇതാദ്യമായാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇത്രയും ഉയരുന്നത്. ഇതിൽ 1216 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള നാല് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാസർഗോഡ് ഉപ്പളയിലെ വിനോദ് കുമാർ (41), കൊല്ലം കിളികൊല്ലൂർ സ്വദേശി ചെല്ലപ്പൻ(60), കോഴിക്കോട് വെളളിക്കുളങ്ങര സ്വദേശിനി സുലൈഖ(63), ആലപ്പുഴ പാണാവളളി സ്വദേശി പുരുഷോത്തമൻ (84) എന്നിവരാണ് ഇന്ന് രോഗം മൂലം മരണപ്പെട്ടത്.
ജില്ല തിരിച്ചുളള കണക്ക് നോക്കിയാൽ തിരുവനന്തപുരം 485 കൊല്ലം 41, പത്തനംതിട്ട 38, കോഴിക്കോട് 173, കണ്ണൂർ 57, മലപ്പുറം 114, കാസർകോട് 73, വയനാട് 10, ഇടുക്കി 41, ആലപ്പുഴ 169, കോട്ടയം 15, എറണാകുളം 101, തൃശൂർ 64, പാലക്കാട് 39 എന്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ കണക്ക്.