pic

തിരുവനന്തപുരം∙ കൊവിഡ് മഹാമാരിയും പേമാരിയും വകവയ്ക്കാതെ കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പാഞ്ഞെത്തിയ പ്രദേശവാസികളെ പ്രശംസിച്ച് ശശി തരൂർ എം.പി. മണിക്കൂറുകൾ കൊണ്ടാണ് കൊണ്ടോട്ടിയിലെ ജനങ്ങൾ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.മലയാളികളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നും പ്രളയ കാലത്തും മഹാമാരിക്കാലത്തും ഇപ്പോൾ വിമാനാപകടത്തിലും അതു കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം സംബന്ധിച്ച വാർത്ത പങ്കുവച്ച് തന്റെ ഫേസ്ബുക്കിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്.

അപകടമുണ്ടായാൽ മനുഷ്യർ ജാതിമത വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനത്തിനിറങ്ങുമെന്നും ഇങ്ങനെയാണ് തന്റെ കേരളം മാതൃകയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ പ്രദേശവാസികൾ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ കണക്കിലെടുത്തില്ലെന്നും തരൂർ പറഞ്ഞു. പ്രദേശവാസികൾ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും മുൻപന്തിയിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇന്നലെ രാത്രി ഏഴര കഴിഞ്ഞതോടെയാണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. ശക്തമായ മഴയിൽ ഉഗ്ര സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ ഇറങ്ങി നോക്കിയത്. വിമാനം അപകടത്തിൽപ്പെട്ടത് അറിഞ്ഞതോടെ ഓടിയെത്തി സ്വന്തം വാഹനങ്ങളിൽ ആളുകളെ കയറ്റി ആശുപത്രിയിലേക്കു പായുകയായിരുന്നു കൊണ്ടോട്ടി നിവാസികൾ.

Kerala locals swing into action: What sets Malayalis apart is our spirit and unity, during floods, the pandemic and now...

Posted by Shashi Tharoor on Friday, 7 August 2020