മുംബയ് : ബോളീവുഡ് നടൻ അഭിഷേക് ബച്ചൻ കൊവിഡ് 19 മുക്തനായി. കൊവിഡ് ഫലം നെഗറ്റീവായതോടെ താരം ആശുപത്രി വിട്ടു. രോഗം ഭേദമായ കാര്യം അഭിഷേക് തന്നെയാണ് അറിയിച്ചത്. ' ഇന്ന് ഉച്ചയ്ക്ക് ശേഷം വന്ന തന്റെ കൊവിഡ് ഫലം നെഗറ്റീവായി. വീട്ടിലേക്ക് മടങ്ങുന്നതിൽ താൻ വളരെ സന്തോഷവാനാണ്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഒപ്പം തനിക്കും തന്റെ കുടുംബത്തിനും കൊവിഡിനെ അതിജീവിക്കാൻ സഹായിക്കുകയും തങ്ങളെ പരിചരിക്കുകയും ചെയ്ത നാനാവതി ആശുപത്രിയിലെ എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിക്കുന്നു ' അഭിഷേക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജൂലായ് 11നാണ് നടൻ അമിതാഭ് ബച്ചനെയും മകൻ അഭിഷേകിനെയും കൊവിഡ് ബാധയെ തുടർന്ന് മുംബയ് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ജൂലായ് 17നാണ് ഐശ്വര്യയേയും മകളേയും ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം ഭേദമായതോടെ ഇരുവരും ജൂലായ് 27ന് ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞാഴ്ചയാണ് അമിതാഭ് ബച്ചൻ രോഗമുക്തനായി ആശുപത്രി വിട്ടത്.