മാഞ്ചസ്റ്റർ : പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ളണ്ടിന് അത്യുജ്ജ്വല വിജയം. മത്സരത്തിന്റെ നാലാം ദിനമായ ഇന്നലെ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് മൂന്ന് വിക്കറ്റ് ബാക്കി നിൽക്കേ വിജയത്തിലെത്തുകയായിരുന്നു. ഒരുഘട്ടത്തിൽ 117/5 എന്ന നിലയിലായിരുന്ന ആതിഥേയരെ ആറാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്ത ക്രിസ് വോക്സും (84*) ജോസ് ബട്ട്ലറും (75) ചേർന്ന് പൊരുതിയാണ് വിജയത്തിലെത്തിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 326 റൺസെടുത്ത പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് നാലാം ദിനമായ ഇന്നലെ ചായയ്ക്ക് മുമ്പ് 169 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 219 റൺസിന് ആൾഒൗട്ടായിരുന്ന ഇംഗ്ളണ്ടിന് ഇതോടെയാണ് 277 റൺസിന്റെ ലക്ഷ്യം കുറിക്കപ്പെട്ടത്.
ഒന്നാം ഇന്നിംഗ്സിൽ 107 റൺസ് ലീഡ് നേടിയിരുന്ന പാകിസ്ഥാനെ രണ്ടാം ഇന്നിംഗ്സിൽ കുറഞ്ഞ സ്കോറിൽ ഒതുക്കാനായതാണ് ഇംഗ്ളണ്ടിന് പ്രതീക്ഷയേകിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബെൻ സ്റ്റോക്സും ക്രിസ് വോക്സും ഒാരോ വിക്കറ്റ് നേടിയ ആർച്ചറും ബെസും ചേർന്നാണ് പാകിസ്ഥാന് പ്രഹരമേൽപ്പിച്ചത്. മൂന്നാം ദിനം ചായയ്ക്ക് മുമ്പ് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ സ്റ്റംപെടുക്കുന്നതിനിടയിൽ 137/8 എന്ന നിലയിലെത്തിയിരുന്നു. ഇന്നലെ രാവിലെ 32 റൺസ് കൂട്ടിച്ചേർക്കാനേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ.
ഒന്നരദിവസത്തിലേറെ ശേഷിക്കേ 277 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ളണ്ടിന് 22 റൺസിൽ വച്ച് ഒാപ്പണർ റോറി ബേൺസിനെ(10) നഷ്ടമായെങ്കിലും സിബിലിയും (36),ജോ റൂട്ടും (42) ചേർന്ന് 96/3ലെത്തിച്ചു.തുടർന്ന് ഒലീ പോപ്പിനെയും (7), ബെൻ സ്റ്റോക്സിനെയും (9) നഷ്ടമായപ്പോൾ സമ്മർദ്ദമേറിയെങ്കിലും ബട്ട്‌ലർ - വോക്സ് സഖ്യം വിജയത്തിലേക്ക് നങ്കൂരമിട്ടു.ജയത്തിന് 21 റൺസ് അകലെവച്ച് ബട്ട്ലറെയും നാലു റൺസ് അകലെവച്ച് ബ്രോഡിനെയും നഷ്ടമായെങ്കിലും വോക്സ് ടീമിനെ വിജയത്തിലെത്തിച്ചു.