ശബരിമല: നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. ഇന്നു പുലർച്ചെ 5.50നും 6.20നുമിടയിലാണ് നിറപുത്തരി. ചടങ്ങിനായി സന്നിധാനത്തിന് സമീപം കൃഷി ചെയ്ത നെൽക്കതിർ മേൽശാന്തിയുടെ നേതൃത്വത്തിൽ കൊയ്തെടുത്തു. മാളികപ്പുറം മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
തന്ത്രി കണ്ഠരര് മഹേശ്വരര് ഇന്നലെ ശബരിമലയിലെത്തി. ശബരിമല പാതയിൽ ചാലക്കയത്ത് മണ്ണിടിഞ്ഞു വീണ ഭാഗം വരെ സ്വന്തം വാഹനത്തിലെത്തിയ തന്ത്രി പൊലീസ് ജീപ്പിലാണ് പമ്പയിലേക്ക് പോയത്.
നിറപുത്തരി പൂജയോടെ കണ്ഠരര് മഹേഷ് മോഹനരുടെ ശബരിമലയിലെ പൂജാകാലം കഴിയും. ചിങ്ങം ഒന്നുമുതൽ കർക്കടക മാസ പൂജവരെ തന്ത്രി കണ്ഠരര് രാജീവരര് പൂജകൾക്ക് നേതൃത്വം നൽകും.