പെരിന്തൽമണ്ണ: ഭാര്യയെയും നാലു മക്കളെയും നാട്ടിലേക്ക് യാത്രയാക്കി നിൽക്കുമ്പോഴാണ് ദുബായിൽ അൻഷാദിനെ തേടി കരിപ്പൂരിലെ വിമാനദുരന്ത വാർത്തയെത്തുന്നത്. ഇടറിയ നെഞ്ചുമായി ഉറ്റവരുടെ വിവരം കിട്ടാനുള്ള ഓട്ടമായി പിന്നെ. അഞ്ചുപേരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് അറിഞ്ഞപ്പോഴാണ് ശ്വാസം വീണത്.
പെരിന്തൽമണ്ണ കുണ്ടോട്ടുപാറക്കൽ അൻഷാദിന്റ ഭാര്യ ഷാഹിന (39), മക്കളായ സിയാൻ (14), സിയാ മോൾ (10), ഇരട്ടക്കുട്ടികളായ സാമിൽ, സൈൻ (7) എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സിയാൻ കാലിന് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഷാഹിനയ്ക്ക് നെറ്റിയിലും മറ്റും ചെറിയ മുറിവുണ്ട്. മറ്റു മൂന്നുകുട്ടികൾക്കും കാര്യമായ പരിക്കില്ല. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്തിന്റെ പിന്നിലായിരുന്നു അഞ്ച് പേരുടെയും സീറ്റ്. അൻഷാദ് ദുബായിൽ ഡ്രൈവറാണ്. കഴിഞ്ഞ മാർച്ചിലാണ് കുടുംബം വിസിറ്റിംഗ് വിസയിൽ പോയത്. ജൂണിൽ തിരിച്ചുവരാൻ ടിക്കറ്റെടുത്തിരുന്നു. ലോക്ക് ഡൗൺ യാത്ര മുടക്കി. വന്ദേ ഭാരത് മിഷനിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കയായിരുന്നു