deepak-sathe

നാഗ്പൂർ: രാത്രി ഉറങ്ങാൻ പോകുന്നേരവും പിറ്റേന്ന് വിമാനം പറത്തുന്നതിനെക്കുറിച്ചായിരുന്നു വിംഗ്​ കമാൻഡർ ദീപക് വസന്ത് സാഠേയുടെ ചിന്ത. വിമാനം പറത്താൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടാകാറായെങ്കിലും ആവേശവും വൈദഗ്ദ്ധ്യവും സാഠേയ്ക്ക് കൈമോശം വന്നിരുന്നില്ല. കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം തകർന്ന് കൊല്ലപ്പെട്ട പൈലറ്റ് ക്യാപ്ടൻ സാഠേയുടെ വൈദഗ്ദ്ധ്യം ഒന്നു കൊണ്ടുമാത്രമാണ് വിമാനം ഒരു അഗ്നിഗോളമായി മാറാതിരുന്നതെന്ന് സഹപ്രവർത്തകർ അഭിമാനത്തോടെ പറയുന്നു.

21 വർഷം വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് സാഠേ എയർ ഇന്ത്യയിലെത്തുന്നത്. 30 വർഷത്തെ അനുഭവസമ്പത്തുള്ള, ഒരു അപകടം പോലും വരുത്താത്ത വൈമാനികൻ. പഠിച്ച എല്ലാ കോഴ്‌സുകളിലും ഒന്നാമൻ. വലിയ ഉപന്യാസങ്ങൾ പോലും ഒറ്റവായനയിൽ മന:പാഠമാക്കുന്ന ഫോട്ടോഗ്രാഫിക് ഓർമശക്തിയുളള അസാമാന്യ പ്രതിഭ... സാഠേയെക്കുറിച്ച് പറയാനേറെയുണ്ട് സുഹൃത്തുക്കൾക്ക്.

deepak-sathe

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ്‌ ദീപക് വസന്ത് സാഠേയുടെ ഭാര്യ സുഷമ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹത്തിനായി കാത്തിരിക്കുന്നു.

1981ൽ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ നിന്ന് 'സ്വാർഡ് ഒഫ് ഓണർ' ബഹുമതിയോടെയാണ് സാഠേ പഠനം പൂർത്തിയാക്കിയത്. മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങൾ പലവട്ടം പറത്തി. 90കളുടെ ആദ്യം വലിയൊരു അപകടത്തിൽ സാഠേയുടെ തലയോട്ടിക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഇനിയൊരിക്കലും വിമാനം പറത്താൻ കഴിയില്ലെന്ന് വിധിയെഴുതിയവരെ അമ്പരപ്പിച്ചുകൊണ്ട് സാഠേ അതിശക്തമായി തിരിച്ചുവന്നു.

നല്ലൊരു സ്‌ക്വാഷ് കളിക്കാരനായ സാഠേ സൈക്കിളിംഗും കുതിരസവാരിയും ഇഷ്ടപ്പെട്ടിരുന്നു.

പോരാളിയായ വൈമാനികൻ

♦ 1999​ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടി

♦ ഓപ്പറേഷൻ വിജയ്‌യുടെ ഭാഗമായിരുന്നു

♦ അംബാലയിലെ 17 സ്‌ക്വാഡ്രണിന്റെയും (ഗോൾഡൻ ആരോസ്) ഭാഗം

എയർഫോഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

♦ ബംഗളൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിലെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു.

♦ വ്യോമസേനയുടെ എട്ട് സമ്മാനങ്ങളും നേടുന്ന ആദ്യത്തെ മഹാരാഷ്ട്രക്കാരനായിരുന്നു.

പിറന്നാൾ സമ്മാനത്തിന് പകരമെത്തിയത് മരണവാർത്ത

ഇന്നലെ നാഗ്പൂരിലെ വസതിയിലെത്തി അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകാനിരിക്കുകയായിരുന്നു സാഠേ. പക്ഷേ, 84​ാം ജന്മദിനത്തിൽ ആ അമ്മയെ തേടിയെത്തിയത് മകന്റെ വിയോഗവാർത്ത. ദീപക് വസന്ത് സാഠേ ഭാര്യ ഭാര്യ സുഷമയ്ക്കും രണ്ടുമക്കൾക്കുമൊപ്പം മുംബയ് ചാന്ദ്വിലിയിലാണ് താമസിച്ചിരുന്നത്. റിട്ട.കേണലായ അച്ഛൻ വസന്ത് സാഠേയും അമ്മ നീല സാഠേയും നാഗ്പൂരിലെ ഭാരത് നഗറിലുമാണ് താമസം. 'അവനെന്നും വിളിക്കുമായിരുന്നു. കൊവിഡ് ആയതിനാൽ പുറത്തേക്കിറങ്ങരുതെന്ന് പറയും. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതെന്നെ മോശമായി ബാധിക്കുമെന്നും പറയും. ദുരന്തം സംഭവിച്ചു. ദൈവഹിതത്തിന് മുമ്പിൽ നമുക്ക് എന്ത് ചെയ്യാം കഴിയും' കണ്ണീരോടെ നീല സാഠേ പറഞ്ഞു. കരസേനയിൽ ലെഫ്റ്റനന്റ് ആയിരുന്ന സാഠേയുടെ ജ്യേഷ്ഠൻ വികാസ് സാഠേ ഒരു റോഡപകടത്തിൽ മരിച്ചിരുന്നു.