തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാറിൽ 198.4 മില്ലിമീറ്ററും തേക്കടിയിലും 157.2 മില്ലിമീറ്ററും മഴയാണ്
പെയ്തത്. ഈ സമയത്തിനുള്ളില്‍ ഏഴ് അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്ക് എത്തിക്കാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാലക്കുടി ബേസിനില്‍ വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പറമ്പിക്കുളം ആളിയാര്‍ പ്രൊജക്ടിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണമെന്ന് തമിഴ്നാട് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.