മൂന്നാർ: ഉരുൾപൊട്ടലിൽ കലിപൂണ്ട് ഇരച്ചെത്തിയ മലവെള്ളവും പാറകക്കൂട്ടവും 20 അടി മാറി ഒഴുകിയിരുന്നെങ്കിൽ പെട്ടിമുടിയിലെ ഈ ലയം ഇന്നുണ്ടാകുമായിരുന്നില്ല. ഉരുൾപൊട്ടിയ ഇവിടെ ശേഷിക്കുന്നത് ഒരു ലയം മാത്രം. കൺമുന്നിലൂടെ ഒഴുകിപ്പോയ ദുരന്തത്തിന്റെ നടുക്കത്തിലാണ് ഇതിലെ താമസക്കാർ.
കനത്ത മഴയിൽ ഉഗ്രശബ്ദം കേട്ടാണ് ആറ് കുടുംബങ്ങളുള്ള ലയത്തിലെ താമസക്കാരനായ സെൽവകുമാർ പുറത്തിറങ്ങിയത്. കോരിച്ചൊരിയുന്ന മഴയിൽ ശരവേഗത്തിൽ കല്ലും മണ്ണും പാഞ്ഞടുക്കുന്നത് കണ്ടതോടെ മറ്റുള്ളവരെ സെൽവകുമാർ അങ്ങേയറ്റത്തെ മുറിയിലേക്ക് മാറ്റി. പക്ഷേ ഇതിനകം ഇവരുടെ ലയത്തിന‌് സമീപം ഒരു പുഴ രൂപപ്പെട്ടിരുന്നു. താഴെയുള്ള ലയങ്ങളിലേക്കത് കുത്തിപാഞ്ഞു. പാറക്കല്ലുകൾ ഉറങ്ങിക്കിടന്ന തങ്ങളുടെ ഉറ്റവർക്ക് മുകളിൽ താണ്ഡവമാടുന്നത് നിസഹായതയോടെ നോക്കി നിൽക്കാനെ അവർക്കായുള്ളൂ. ആ അമ്പരപ്പ് മണിക്കൂറുകൾ നീണ്ടു.
പുലർച്ചെ അമ്പരപ്പ‌് വിട്ടുമാറി സ്ഥലകാലബോധം വീണ്ടെടുത്തപ്പോൾ രക്ഷാപ്രവർത്തനത്തിന‌് ശ്രമിച്ചു. പ്രദേശത്ത് ടവർ പണിതപ്പോൾ ബാക്കി വന്ന ഇരുമ്പ് ഏണി വെള്ളത്തിന് കുറുകെ വച്ച് അക്കരയെത്തി. പാതിയോളം വെള്ളത്തിൽ മുങ്ങി പരിക്കുപറ്റിയവരെ കരയിലെത്തിച്ചു. ഇവരെ നയമക്കാട‌്, കന്നിമല ഭാഗങ്ങളിലെ ലയങ്ങളിലേക്ക‌് സുരക്ഷിതമായി മാറ്റി. ദുരന്തത്തിന്റെ വ്യാപ‌്തി അപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നില്ല.