മണ്ണിൽ ഒരു കുഴി കുഴിച്ച് എത്രത്തോളം പോകാൻ കഴിയും ? അങ്ങനെ പോകുമ്പോൾ തന്നെ എന്തായിരിക്കും അവിടെ ? കൊച്ചു കുട്ടികളായിരിക്കെ ഇങ്ങനെയൊരു സംശയം മനസിൽ തോന്നാത്തവർ വിരളമായിരിക്കാം. സങ്കല്പ്പിക്കാനാകാത്തത്ര ആഴത്തിൽ കുഴിച്ചാലാൽ ഭൂമിയുടെ അകക്കാമ്പിലേക്കെത്താം. പക്ഷേ, ഭൂമിയിൽ അങ്ങനെ ആരെങ്കിലും കുഴിച്ചു നോക്കിയിട്ടുണ്ടോ. ? ഉണ്ടല്ലോ. പക്ഷേ, ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമിത പോയിന്റ് ഏതാണെന്നതിന്റെ കൃത്യമായ ഉത്തരമാണ് ' കോലാ സൂപ്പർഡീപ്പ് ബോർഹോൾ (Kola Superdeep Borehole ) '.
ഭൂമിയുടെ അകക്കാമ്പിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ എത്രത്തോളം ആഴത്തിൽ കുഴിക്കാൻ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് റഷ്യയിലെ ഈ പാതാളക്കുഴി. കാഴ്ചയിൽ ഒരു കുഴൽക്കിണർ. 9 ഇഞ്ച് മാത്രം വ്യാസം. പക്ഷേ, കാഴ്ചയിലെ പോലെയല്ല, അതിഭീകരമാണ് കോലാ ബോർഹോൾ. 40,230 അടിയാണ് ( 7.6 മൈൽ ) കോലാ ബോർഹോളിന്റെ ആഴം.
റഷ്യയുടെ വടക്കു പടിഞ്ഞാറ്, നോർവേയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള കോലാ ഉപദ്വീപിൽ 1970ലാണ് ശാസ്ത്രജ്ഞർ കോലാ ബോർബോളിന്റെ നിർമാണം തുടങ്ങിയത്. മറ്റൊരു അത്ഭുതകരമായ കാര്യം ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പിനെക്കാൾ ആഴം കൂടുതലുണ്ട് മനുഷ്യനിർമിതമായ കോലാ ബോർഹോളിന് എന്നതാണ്. 6.7 മൈൽ വരെയാണ് ചലഞ്ചർ ഡീപ്പിന്റെ ആഴം.
20 വർഷത്തോളം നീണ്ട ഡ്രില്ലിംഗിനും പരീക്ഷണങ്ങൾക്കും ശേഷം 1992ലാണ് കോലാ ബോർഹോളിന്റെ ഡ്രില്ലിംഗ് അവസാനിച്ചത്. യഥാർത്ഥത്തിൽ ഡ്രില്ലിംഗ് മറ്റുവഴികളില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. കാരണം, ആഴം കൂടും തോറും ചൂട് 365 ഫാരൻഹീറ്റ് വരെ ഉയർന്നതോടെ യന്ത്രങ്ങൾ പ്രവർത്തന രഹിതമായി. അങ്ങനെ പദ്ധതി ഉപേക്ഷിച്ചു. അപ്പോഴേക്കും ഭൂമിയുടെ മദ്ധ്യത്തിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം വരെയാണ് കോലാ ബോർഹോൾ എത്തിയത്. 15,000 മീറ്റർ എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും 12262.104 മീറ്റർ വരെ മാത്രമേ കോലാ ബോർഹോളിന് എത്താനായുള്ളു.
ഇനി ഇത്രയും ആഴത്തിൽ കുഴിച്ചിട്ട് എന്ത് നേട്ടമാണുണ്ടായതെന്നാണെങ്കിൽ അമ്പരിപ്പിക്കുന്ന നിരവധി കാഴ്ചകളാണ് ഭൂമിയുടെ ആഴങ്ങളിൽ കാത്തിരുന്നത്. ഡ്രില്ലിംഗിനിടെ സൂഷ്‌മ സസ്യങ്ങളുടെയും ജീവികളുടെയും ഉൾപ്പെടെ ഫോസിലുകളും ദശലക്ഷം വർഷം പഴക്കമുള്ള പാറകളും സ്വർണത്തിന്റെയും രത്നങ്ങളുടെയും നിക്ഷേപവും കണ്ടെത്തി. കൂടാതെ ഭൂമിയുടെ അകത്തെ പാളികളെ പറ്റിയുള്ള നിർണായക വിവരങ്ങൾ മനസിലാക്കാൻ സോവിയറ്റ് ഗവേഷകർക്ക് കഴിഞ്ഞു. മറ്റൊരു കാര്യം, ഭൂമിക്കടിയിലേക്ക് പോകും തോറും തൊഴിലാളികളും ഗവേഷകരും വിചിത്രമായ പല ശബ്‌ദങ്ങളും കേട്ടതായാണ് പറയുന്നത്. തൊഴിലാളികൾ പേടിച്ച് ഡ്രില്ലിംഗ് ജോലിയിൽ നിന്നും പിൻവാങ്ങിയതായും പറയപ്പെടുന്നു. 2008 മുതൽ കോലാ ബോർഹോളും പരിസരവും ഉപേക്ഷിച്ച നിലയിലാണ്. കോലാ ബോർഹോൾ ഇപ്പോൾ സീൽ ചെയ്‌ത് പൂട്ടിയിരിക്കുകയാണ്.