cm-pinarayi-vijayan

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ 'ഉപജാപക സംഘങ്ങൾ' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതിനെ ചൊല്ലി ഏറ്റുമുട്ടി മാദ്ധ്യമങ്ങളും മുഖ്യമന്ത്രിയും. കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയും മാദ്ധ്യമങ്ങളും ഏറ്റുമുട്ടിയത്. തങ്ങൾ സ്വാഭാവികമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും മാദ്ധ്യമങ്ങൾ മറുവാദം പറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിയും മാദ്ധ്യമപ്രവർത്തകരും തമ്മിലെ വാഗ്വാദത്തിന്റെ മട്ടിലേക്ക് ചെന്നെത്തുകയായിരുന്നു.

മാദ്ധ്യമങ്ങൾ പ്രത്യേകമായ ചില ഉദ്ദേശങ്ങൾ വച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും മാദ്ധ്യമങ്ങളുടെ 'തലപ്പത്തിരിക്കുന്നവർക്കാ'ണ് ഇക്കാര്യത്തിൽ പ്രധാന പങ്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഒരു മാസം മുൻപുവരെ മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്ത്തികൊണ്ട് മാദ്ധ്യമങ്ങൾ വാർത്ത നൽകിയപ്പോൾ മുഖ്യമന്ത്രിക്ക് പരാതികളൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യം മാദ്ധ്യമപ്രവർത്തകർ ഉയർത്തിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് വലിയ തോതിലുള്ള യശസ് വരുന്നത് 'ചിലർക്ക് വല്ലാത്ത പൊള്ളൽ' ഉണ്ടാക്കുന്നുവെന്നും അത് രാഷ്ട്രീയമായുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

'ഞാൻ എണ്ണി പറയാണോ ഓരോന്നും എന്തായിരുന്നു എന്ന്? ആ വൃത്തികെട്ട നിലയിലേക്ക്... ആ നിലയിലേക്കാണ് ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോകുന്നതെന്ന് ചിത്രീകരിക്കുന്നത് എന്തിനാ? നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെയൊരു വിശ്വാസം ഉണ്ടോ? നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെയൊരു വിലയിരുത്തലുണ്ടോ? ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്താണ് മാർഗം...അതിന്റെ ഭാഗമായി ഒരുപാട് മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടാകും...പ്രൊഫഷണലിസം ഉപയോഗിച്ചുകൊണ്ട് അപകീർത്തിപ്പെടുത്താനുള്ള മാര്ഗങ്ങൾ അവർ ആലോചിക്കുന്നു. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാൻ കുറച്ച് മാദ്ധ്യമങ്ങളും തയ്യാറായിട്ടുണ്ട്.' മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.

അതിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാതിരിക്കുമ്പോൾ മറ്റ് ഉപജാപങ്ങളിലൂടെ അതിനെ നേരിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. ഇപ്പോഴത്തെ സർക്കാർ പഴയ അതേ നിലയിലുള്ള സർക്കാരാണെന്നും 'ഇന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അദ്ദേഹത്തിന്റെ വാസസ്ഥലവും പഴയ മുഖ്യമന്ത്രിയുടെ അതേ രീതിയിലാണ്' എന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്ന ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി വിഷയത്തെ ബന്ധപ്പെടുത്താനാണ് ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത വന്നതെന്നും മുഖ്യമന്ത്രി മാദ്ധ്യമളോട്‌ ആരാഞ്ഞു.