sushanth-case

മുംബയ്: ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഡയറിയിൽ നിന്നുള്ള ഒരു പേജ് പരസ്യപ്പെടുത്തി നടി റിയ ചക്രവർത്തി. സുശാന്തിന്റെ കുടുംബാം​ഗങ്ങളുടെ പരാതിയിൽ കഴിഞ്ഞ ദിവസം റിയയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അന്ന് റിയ ഉദ്യോഗസ്ഥരെ കാണിച്ച പേജാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ റിയ പരസ്യമാക്കിയത്.

തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജിൽ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സാർ , മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളർത്തുനായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്. സുശാന്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിച്ചോർ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടർ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളിൽ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്.

ഇഡി ചോദ്യംചെയ്തത് 9 മണിക്കൂറോളം

ഒമ്പത് മണിക്കൂറോളമാണ് റിയയെ എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തത്. റിയയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് വരികയാണ്.റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവർത്തി, മുൻ മാനേജർ ശ്രുതി മോദി എന്നിവരെ മുംബയ് ഓഫീസിൽ വെവ്വേറെ മുറികളിലാണു ചോദ്യം ചെയ്തത്. റിയയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണു സൂചന. സുശാന്തിന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 15 കോടി രൂപയുടെ സംശയിക്കത്തക്ക ഇടപാടു നടന്നുവെന്നും ഇതിനു കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോയെന്നുമാണു ഇഡി സംശയിക്കുന്നത്. സുശാന്തിന്റെ നാല് അക്കൗണ്ടുകളിൽ രണ്ടെണ്ണത്തിൽ നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്