pettimala

മൂന്നാർ: ദുരന്തഭൂമിയിൽ രാവിലെ മുതൽ അച്ഛനെ തെരയുകയായിരുന്നു സന്തോഷ് രാജ. ഉറ്റവർ ഒന്നടങ്കം മണ്ണിലാണ്ടുപോയതറിഞ്ഞ് ശനിയാഴ്ച രാവിലെയാണ് ഈ ഇതുപത്തൊമ്പതുകാരൻ തമഴിനാട്ടിൽ നിന്ന് പെട്ടിമുടിയിലേക്ക് ഓടിയെത്തിയത്.

അച്ഛനും അമ്മയും ബന്ധുക്കളുമടക്കം രണ്ട് ലയങ്ങളിലായി എട്ട് പേരാണ് താമസിച്ചിരുന്നത്. ഇതിൽ അമ്മ സരസ്വതി മാത്രം രക്ഷപ്പെട്ടു. പരിക്കേറ്റ ഇവർ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് പെട്ടിമുടിയിലെത്തിയത്. പിന്നീട് പഠനത്തിനായി തമിഴ്നാട്ടിലേക്ക് മടങ്ങി.

സന്തോഷിന്റെ അച്ഛൻ രാജ എസ്റ്റേറ്റ് വാച്ചറാണ്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും ദിവസങ്ങളായി ഇല്ലാത്തതിനാൽ വീട്ടിലെ വിവരങ്ങൾ അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സമീപത്തെ ലയത്തിലുള്ളവർ പറഞ്ഞാണ് വിവരമറിഞ്ഞത്.

അച്ഛനെക്കൂടാതെ ചിറ്റപ്പൻ അണ്ണാ ദുരൈ ദാര്യ തങ്കം മകൻ ജോഷാ എന്നിവരെയും കണ്ടെത്താനായിട്ടില്ല. രാവിലെ മുതൽ തെരച്ചിലിൽ നടത്തിയിട്ടും ആരെയും കണ്ടെത്താത്തതിനെ തുടർന്ന് കണ്ണീരോടെയാണ് സന്തോഷ് മടങ്ങിയത്.