ന്യൂഡൽഹി : അന്ന് ഒരു ഹീറോയെ പോലെ മലയാളികൾ കൈയ്യടിച്ചു സ്വീകരിച്ച വ്യക്തി ... ഒടുവിൽ ഏവരെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു; ക്യാപ്ടൻ അഖിലേഷ് കുമാർ. കഴിഞ്ഞ ദിവസം കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന്റെ സഹ പൈലറ്റ്.
Hero's welcome late last night for Air India Express Kozhikode-Dubai-Kozhikode #VandeBharatMission commander Capt Michale Saldanha, first officer Capt Akhilesh Kumar with cabin crew members Vineet Shamil, Abdul Rouf, Raseena P & Rijo Johnson. pic.twitter.com/asKvX9kQYw
— Manju V (@ManjuVTOI) May 8, 2020
കഴിഞ്ഞ മേയ് 8നായിരുന്നു കൊവിഡ് മഹാമാരിയ്ക്കിടെ വിദേശത്തകപ്പെട്ട് പോയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായി ക്യാപ്ടൻ അഖിലേഷ് ഉൾപ്പെടെയുള്ള സംഘം കരിപ്പൂരിലെത്തിയത്. ഗൾഫ് നാടുകളിലുൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം മണ്ണിലേക്ക് മടങ്ങാൻ കാത്തുനിന്ന പതിനായിരങ്ങൾക്ക് കൈത്താങ്ങായി മാറിയ മിഷന്റെ ദുബായിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്തത് മേയ് 8നായിരുന്നു. അന്ന് ഹർഷാരവങ്ങളോടെയാണ് എയർ പോർട്ട് അധികൃതർ വിമാനത്തിന്റെ ക്രൂ അംഗങ്ങളെ എതിരേറ്റത്. സംഘത്തിൽ അഖിലേഷുമുണ്ടായിരുന്നു. വിമാനം പറത്താൻ അഖിലേഷുമുണ്ടായിരുന്നു. ഇന്ന് അത് കണ്ണീരോടെ ഓർക്കുകയാണ് എല്ലാവരും.
അഖിലേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ സ്തംഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും സുഹൃത്തുക്കളും. ഗർഭിണിയായ ഭാര്യ മേഘയെ തനിച്ചാക്കിയാണ് 32 കാരനായ അഖിലേഷ് യാത്രയായിരിക്കുന്നത്. വരുന്ന 15 ദിവസത്തിനകം കുഞ്ഞിന്റെ വരവും പ്രതീക്ഷിച്ചിരിക്കെയാണ് വിധി അഖിലേഷിനെ കവർന്നത്. 2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ അഖിലേഷ് 2017ലാണ് എയർ ഇന്ത്യ എക്സ്പ്രസിൽ ജോലിയിൽ പ്രവേശിച്ചത്. കൊവിഡ് ലോക്ക്ഡൗണിന് മുമ്പാണ് അഖിലേഷ് അവസാനമായി വീട്ടിലെത്തിയത്.