കൊച്ചി: ആലുവയിൽ ആറു വയസ്സുകാരിയെ അച്ഛന്റെ സഹോദരിയായ യുവതി പീഡിപ്പിച്ചെന്ന പരാതിയിൽ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കേസിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആലുവ എടത്തല പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസിന്റെ തുടരന്വേഷണം എടത്തല പോലീസിൽ നിന്ന് ഡി.വൈ.എസ്.പി ഓഫീസിലെ എസ്.ഐക്ക് കൈമാറിയെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ, അംഗം കെ.നസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
എറണാകുളം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കുട്ടിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിലും കേസെടുക്കാൻ മുൻപ് കമ്മീഷൻ നിർദേശിച്ചിരുന്നു. എഫ്.ഐ.ആർ ഇട്ട് മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ തങ്ങളുടെ പരാതിയിൽ ആരോപിക്കുന്നത്.