pettimala

തൊടുപുഴ: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചെങ്കിലും അത് വാങ്ങാൻ എത്രപേരുണ്ടാകും! ദുരന്തത്തിൽപ്പെട്ടവർ 83 പേരാണങ്കിലും ഇവർ ഏതാനും കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമാണ്. ഒരാളെപ്പോലും കണ്ടെത്താനാവാത്ത കുടുംബങ്ങളുമുണ്ട്.

സംസ്ഥാന സർക്കാരും കണ്ണൻ ദേവൻ കമ്പനിയും അഞ്ചു ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ സഹായം പ്രഖ്യാപിച്ചാൽ ബന്ധുക്കൾ ചമഞ്ഞെത്തുന്ന അനർഹർ പണം തട്ടിയെടുത്തേക്കാം. അതുകൊണ്ടാണ്സർക്കാർ സഹായധനം അഞ്ച് ലക്ഷത്തിലൊതുക്കിയതെന്നും വ്യാഖ്യാനമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സൂചന നൽകുകയും ചെയ്തിരുന്നു. അർഹർക്ക് കൂടുതൽ സഹായം എത്തിക്കുമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം.

 മണ്ണിനടിയിൽ മനുഷ്യർ മാത്രമല്ല

മണ്ണിനടിൽ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളുമുണ്ടെന്നാണ് സൂചന. പലതിന്റെയും അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ടിവിടെ. വളർത്തു മൃഗങ്ങളുടെയും, മ്ലാവുൾപ്പെടെ വന്യമൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുൾപൊട്ടിയ ഭാഗങ്ങളിൽ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ പത്തടിയോളം മണ്ണ് മൂടി. മൂന്നാറിൽ ഇന്നലെ ഉച്ചയ്‌ക്ക് മഴയും മഞ്ഞും ശക്തമായി. തെരച്ചിൽ ഇന്നും തുടരും.

 മരിച്ചവർ

ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ ( 44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിധീഷ് (25), പനീർശെൽവം (50), ഗണേശൻ (40), രാജ (35), വിജില (47), കുട്ടിരാജ് (48), പവൻ തായ് (52) ഷൺമുഖ അയ്യൻ (58), മണികണ്ഡൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35), സരോജ (58), സ്ത്രീ (തിരിച്ചറിഞ്ഞിട്ടില്ല) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പരിക്കേറ്റ മൂന്ന് പേർ മുന്നാർ റ്റാറ്റ ജനറൽ ആശുപത്രിയിലും ഒരാൾ കോലഞ്ചേരി ആശുപത്രിയിലുമാണ്.