maharashtra

മുംബയ് : മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു. 12,822 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,03,084 ആയി. സംസ്ഥാനത്തെ ആകെ കൊവിഡ് മരണ സംഖ്യ 17,367 ആണ്. ഇന്ന് പുതുതായി 275 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 222 പേർ കഴിഞ്ഞ 48 മണിക്കൂറിനിടെയിലും 28 മരണങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയും നടന്നതാണ്. 25 എണ്ണം സംഭവിച്ചിട്ട് ഒരാഴ്ചയിലേറെയായി. ഈ മരിച്ചവർക്കെല്ലാം കൊവിഡ് പൊസിറ്റീവാണെന്ന റിപ്പോർട്ട് ഇന്നാണ് ലഭിച്ചതെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് 11,082 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതേവരെ 3,38,362 പേർക്ക് മഹാരാഷ്‌ട്രയിൽ രോഗം ഭേദമായി. 1,47,048 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുവരെ 26,47,020 കൊവിഡ് ടെസ്‌റ്റുകൾ നടന്നതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മുംബയ് നഗരത്തിൽ ഇന്ന് പുതിയ 1,304 കൊവിഡ് കേസുകളും 58 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 1,22,316 പേർക്കാണ് മുംബയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,751 പേർക്ക് ജീവൻ നഷ്ടമായി. പൂനെയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്ന് 1,457 പേർക്കാണ് പൂനെയിൽ രോഗം സ്ഥിരീകരിച്ചത്. 69,500 പേർക്കാണ് പൂനെയിൽ ഇതുവരെ കൊവിഡ് പോസിറ്റീവായത്. ഇന്ന് 39 പേർ കൂടി മരിച്ചതോടെ പൂനെയിലെ കൊവിഡ് മരണസംഖ്യ 1,744 ആയി. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികൾ മഹാരാഷ്‌ട്രയിലാണുള്ളത്.