ജയ്പ്പൂർ: 'ജയ് ശ്രീറാമും' 'ജയ് മോദി'യും വിളിക്കാതിരുന്ന 52കാരനായ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് സംഭവം നടന്നത്. മർദ്ദനത്തിനിരയായ ഗാഫർ അഹ്മദ് കച്ചാവ എന്ന ഓട്ടോ ഡ്രൈവർ നൽകിയ പരാതിയിൽ രാജസ്ഥാൻ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പട്ടണത്തിനു സമീപമുള്ള ഗ്രാമത്തിൽ യാത്രക്കാരെ ഇറക്കിയശേഷം തന്റെ ഓട്ടോയിൽ മടങ്ങുകയായിരുന്ന ഗാഫറിനെ വഴിയിൽ തടഞ്ഞുനിർത്തിയ യുവാക്കളാണ് 'ജയ് ശ്രീറാ'മെന്നും 'ജയ് മോദി'എന്നും മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടത്.
ഇവർ വഴിയരികിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം മദ്യപിക്കുന്നതിനിടെയാണ് ഗാഫർ അതുവഴി ഓട്ടോയിൽ വന്നത്. ഇവർ തടയുന്നത് കണ്ട് ഓട്ടോ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കച്ചാവയെ കാറിൽ പിന്തുടർന്നു പിടികൂടി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിനൊടുവിൽ 'തന്നെ പാക്കിസ്ഥാനിലേക്ക് അയച്ച ശേഷമേ വിശ്രമിക്കുകയുള്ളു' എന്ന ഭീഷണി മുഴക്കിയശേഷമാണ് ഇവർ മടങ്ങിയത്. ർദ്ദനത്തിനു ശേഷം പഴ്സും വാച്ചും അക്രമികൾ തട്ടിയെടുത്തതായും ഗാഫർ അഹ്മദ് കച്ചാവ താൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്.