അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജരായിരുന്ന ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്ക് പ്രതികരണവുമായി ദിശയുടെ മാതാപിതാക്കൾ. ഒരു അഭിമുഖത്തിലാണ് ദിശയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന അഭ്യൂഹങ്ങളോട് മാതാപിതാക്കളായ സതീഷ് സാലിയനും വാസന്തി സാലിയനും പ്രതികരിച്ചത്.ദിശ ബലാത്സംഗത്തിനിരയായിരുന്നുവെന്നും ഗർഭിണിയായിരുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് പിതാവായ സതീഷ് പറഞ്ഞു.
"മാദ്ധ്യമങ്ങൾക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടരുത്. എല്ലാവരോടുമുള്ള അഭ്യർഥനയാണ്, പൊലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്. കേസിലെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം കാണിച്ച് തന്നിട്ടുണ്ട്.എന്റെ മകൾ ഗർഭിണിയായിരുന്നില്ല, അവൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയിൽ തന്നെയായിരുന്നു. അവൾ ഞങ്ങളുടെ ഏക മകളായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നഷ്ടമായി. അവർ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോൾ അവളുടെ മരണശേഷം ഞങ്ങൾക്ക് പിന്നാലെയാണ്. ഇതുപോലെ പീഡിപ്പിച്ച് ഞങ്ങളെ കൊല്ലണം അതാണ് അവർക്ക് വേണ്ടത്. പുറത്ത് വരുന്ന വാർത്തകളെല്ലാം വ്യാജമാണ്. ദിശയുടെ കേസ് അന്വേഷിക്കുന്ന പൊലീസുകാരുടെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. മുംബയ് പൊലീസിനെ ഞങ്ങൾ വിശ്വസിക്കുന്നു, അവർ നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഞങ്ങൾ ഇത്ര നാളും മിണ്ടാതിരിക്കുകയായിരുന്നു പക്ഷേ എന്റെ മകളെ മാദ്ധ്യമങ്ങൾ അപകീർത്തിപ്പെടുത്തുന്നത് കണ്ട് നിൽക്കാനാവില്ല. എന്താണ് സത്യമെന്ന് മനസിലാക്കാൻ അഭ്യർഥിക്കുകയാണ്." ദിശയുടെ മാതാപിതാക്കൾ പറഞ്ഞു.
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ച ദിശയുടെ ശരീരത്തിൽ അസാധാരണമായ മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ജൂൺ ഒമ്പതിന് മുംബയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയാണ് ദിശ ആത്മഹത്യ ചെയ്യുന്നത്. സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. അതിനാൽ തന്നെ ദിശയുടെയും സുശാന്തിന്റെയും ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.