rajamala

രാജമല: പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കായി മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു. ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെയോടെയാണ് വീണ്ടും ആരംഭിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒമ്പത് മണിയോടെ ദുരന്തഭൂമിയിലെത്തും. കൂടാതെ 12 മണിയോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാജമല സന്ദർശിക്കും. മന്ത്രി എം.എം മണിയുൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്. അതേസമയം, രാജമലയിലെ ദുരിതബാധിതരോട് സർക്കാർ വേർതിരിവ് കാണിക്കുന്നെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. വിമാനദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് തന്നെയാണ്. സമാന പരിഗണന ഇടുക്കിക്കാർക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ 78 പേരുണ്ടെന്നായിരുന്നെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക വിശദീകരണം. എന്നാൽ, പ്രദേശത്തെ ചിലരുടെ ബന്ധുക്കളടക്കം 83 പേർ ദുരന്തത്തിൽ പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ 45 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. 12 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

രാജമലയിലെ നൈമക്കാട് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മോർച്ചറിയിൽ ഇന്നലെ 18 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. തുടർന്ന് രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ച് സംസ്കരിച്ചു. ബാക്കി മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.