dean-kuriakose

മൂന്നാർ: ഇടുക്കിയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതിനെ രൂക്ഷമായി വിമർശിച്ച് ഡീൻ കുര്യാക്കോസ് എം പി രംഗത്തെത്തി. ദുരന്തത്തിനിരയായവർക്ക് പ്രഖ്യാപിച്ച ധനസഹായത്തിലും വേർതിരിവ് കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും നാടിനോടുളള വി​വേചനമായി​ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിൽ അപകടമുണ്ടായ സ്ഥലത്ത് ഗവർണറും മുഖ്യമന്ത്രിയും ഒട്ടുമിക്ക മന്ത്രിമാരും സ്പീക്കറും ഉൾപ്പടെയുളളവർ സന്ദർശനം നടത്തി. കേന്ദ്രമന്ത്രിയും സന്ദർശനത്തിനെത്തി. ഇത്രയും ഭീകരമായ ദുരന്തം ഈ നാട്ടിൽ നടന്നതിന് ശേഷം സർക്കാരിന്റെ ഭാഗത്തുനിന്നുളള സമീപനത്തിൽ വ്യത്യാസം കാണുന്നുണ്ട്. 10 ലക്ഷം രൂപയാണ് മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ, പെട്ടിമുടിയിൽ മരണമടഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുളള സമയമല്ല ഇതെന്ന് നല്ല ബോധ്യമുണ്ട്. കരിപ്പൂർ അപകടത്തെ കുറച്ചുകാണുന്നുമി​ല്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കിൽ ഇവിടെയും അങ്ങനെ ന്യായമായും ആർക്കും പ്രതീക്ഷിക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരം ചർച്ചകൾക്കുളള വഴി തുറന്നിട്ടത്‌?. ആരെങ്കിലും ഇതിനെ കുറ്റപ്പെടുത്തിയാൽ രാഷ്ട്രീയ ആരോപണമായി എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്? ഇടുക്കിയെ വേർതിരിച്ച് കണ്ടതിൽ ജനപ്രതിനിധിയെന്ന നിലയിൽ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി നിലപാട് തിരുത്തണം. ഒറ്റ ഉരുൾപൊട്ടലിൽ തന്നെ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി എത്തുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം- ഡീൻ കുര്യാക്കോസ് പറഞ്ഞു