ന്യൂഡൽഹി: കൊവിഡ് ഭീതി രാജ്യത്തു നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല. നിരവധി ഡോക്ടർമാരും, നഴ്സുമാരും ,ആരോഗ്യപ്രവർത്തകരുമടക്കം കൊവിഡിനെ പിടിച്ചുകെട്ടാനുള്ള മുൻനിര പോരാട്ടത്തിലാണ്. കൊവിഡിനെതിരെ പോരാടുമ്പോൾ രാജ്യത്തിന് ഇതുവരെ നഷ്ടമായത് 196 ഡോക്ടർമാരെയാണെന്ന് ഐ എം എ(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഈ 196 ഡോക്ടർമാരിൽ ഭൂരിഭാഗവും ജനറൽ പ്രാക്ടീഷണർ ആണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഐ എം എ.
കൊവിഡിന്റെ തുടക്കത്തിൽ കാണുന്ന പനിയും അനുബന്ധ ലക്ഷണങ്ങളും തോന്നിത്തുടങ്ങുമ്പോള്‍ തന്നെ രോഗം തിരിച്ചറിയാതെ എത്തുന്ന കൊവിഡ് രോഗികളിൽ നിന്നാണ് ജനറൽ പ്രാക്ടീഷണർമാരിലേക്ക് രോഗമെത്തുന്നതെന്നാണ് ഐ എം എ പറയുന്നത്. ഐ എം എയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ച 170 ഡോക്ടര്‍മാരും 50 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ 40 ശതമാനവും ജനറൽ പ്രാക്ടീഷണർമാരാണ്. ഡോക്ടർമാരുടെ സുരക്ഷയെ കുറിച്ച് ഐ എം എ ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരിൽ 86 ശതമാനം പേരും രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ള പ്രായത്തിലുള്ളവരായിരുന്നുവെന്നും ഐ എം എ വ്യക്തമാക്കി. തമിഴ്നാട്ടിലാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ചു മരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 23 വീതം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ബിഹാറിലും പശ്ചിമ ബംഗാളിലും 19 ഡോക്ടര്‍മാരുമാർക്കും ഡൽഹിയിൽ 12 ഡോക്ടര്‍മാര്‍ക്കും ജീവൻ നഷ്ടമായി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ എം എ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഡോക്ടര്‍മാരെയും അവരുടെ കുടുംബങ്ങളെയും ഒരു പ്രത്യേക റിസ്ക് ഗ്രൂപ്പായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ചെലവിൽ എല്ലാ മേഖലയിലുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇൻഷ്വറൻസ് അടക്കം ലഭ്യമാക്കണമെന്നും ഐ എം എ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
രാജ്യത്തെ 3.4 ലക്ഷത്തിലധികം ഡോക്ടർമാരെയാണ് ഐ എം എ പ്രതിനിധീകരിക്കുന്നത്. രോഗികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. കൊവിഡിൽ സർക്കാർ എന്നോ സ്വകാര്യ മേഖലയെന്നോ വേർതിരിക്കേണ്ടതില്ലെന്നും എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നും ഐ എം എ വ്യക്തമാക്കുന്നു.
മിക്ക കൊവിഡ് കേസുകളിലും ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് പോലും മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നത് അസ്വസ്ഥതയുളവാക്കുന്നു. ഈ പകർച്ചവ്യാധി സമയത്ത് സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടത്ര ശ്രദ്ധ നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി ഐ എം എ ദേശീയ പ്രസിഡന്റ് രാജൻ ശർമ പറഞ്ഞു.
കൊവിഡിൽ മരണമടഞ്ഞ ഡോക്ടർമാരുടെ കണക്കുകൾ ഏറെ ഭയാനകമാണെന്നും അതിനാൽത്തന്നെ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഐ എം എ സെക്രട്ടറി ജനറൽ ഡോ.ആർ.വി അശോകൻ വ്യക്തമാക്കി. ഓരോ ഡോക്ടറുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.