
ന്യൂഡൽഹി: പ്രതിരോധമേഖലയിൽ വേണ്ട ആയുധങ്ങളുൾപ്പടെയുളളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇതിന്റെ പ്രാരംഭ നടപടിയായി 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായുളള പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ഇറക്കുമതി നിരോധിച്ച 101 വസ്തുക്കളുടെ പട്ടിക തയാറാക്കിയത്. ഇവയിൽ ആർട്ടിലറി ഗണ്ണുകൾ, അസോൾട്ട് റൈഫിളുകൾ, സോൺ സിസ്റ്റം, ചരക്ക് വിമാനങ്ങൾ, ലഘു യുദ്ധ ഹെലികോപ്ടറുകൾ, റഡാറുകൾ, കവചിത വാഹനങ്ങൾ എന്നിവ ഉൾപ്പെടും. 2020 മുതൽ 2024 വരെയാകും പ്രതിരോധ ഇറക്കുമതി നിരോധന നയം തുടരുക.
'നിരോധിച്ച ഉത്പന്നങ്ങൾക്ക് പകരമായുളള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ തുറന്നുകൊടുക്കുകയും ചെയ്യും. നാലുവർഷം കൊണ്ടാവും നിരോധനം പ്രാബല്യത്തിൽ വരിക. നടപ്പുസാമ്പത്തിക വർഷം 5200 കോടിയുടെ കരാർ ആഭ്യന്തരമേഖലയ്ക്ക് നൽകും. സായുധ പോരാട്ട വാഹനങ്ങൾ,റഡാറുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. അടുത്ത 6-7 വർഷത്തിനുളള ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകും.
കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 2015 മുതൽ 2020 വരെ 1,30,000 കോടി രൂപയാണ് ചെലവിടുന്നത്. നാവികസേനയ്ക്കായി 1,40,000 കോടിയും ഇതേ കാലയളവിൽ ചെലവിടുന്നുണ്ട്. അങ്ങനെ മൂന്നുസേനകൾക്കുമായി 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറുമുതൽ ഏഴ് വർഷങ്ങൾക്കുളിൽ ഇതിനായി ആഭ്യന്തര വിപണിയിൽ 4 ലക്ഷം കോടിരൂപ ചെലവിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്- അദ്ദേഹം വ്യക്തമാക്കി.