വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ആശ്വാസ തീരത്തേക്ക്. രാജ്യത്തിനകത്ത് കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഇല്ലാതെ നൂറ് ദിവസം പിന്നിട്ടു. എന്നാൽ ആശ്വസിക്കാനായിട്ടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കൊവിഡിനെതിരായ വിജയകരമായ പോരാട്ടത്തിലൂടെ ന്യൂസിലൻഡ് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി മാറി.
രാജ്യത്തെ ജനങ്ങളിപ്പോൾ ഏറെക്കുറെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ ആളുകൾ ഇപ്പോൾ പരിശോധന നിരസിക്കുന്നതിൽ അധികൃതർ ആശങ്കയിലാണ്. 'കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഇല്ലാതെ 100 ദിവസം പിന്നിടുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. എന്നിരുന്നാലും ഞങ്ങൾക്ക് സമാധാനിക്കാൻ കഴിയില്ല, 'ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു.
അതേസമയം വൈറസ് നിയന്ത്രണവിധേയമായിരുന്ന വിയറ്റ്നാം, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലിപ്പോൾ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞദിവസം 812 പേർക്കാണ് വിയറ്റ്നാമിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ജർമ്മനിയിലും സ്ഥിതി വഷളാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 555 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 215,891 ആയി. ഇതുവരെ 9,196 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ മൂന്ന് ദശലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഒരുലക്ഷം പിന്നിട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്.