ബാഴ്സലോണ / മ്യൂണിക്ക് : രണ്ടാം പാദ പ്രീക്വാർട്ടറുകളിൽ തകർപ്പൻ വിജയവുമായി മുൻ ജേതാക്കളായ സ്പാനിഷ് ക്ളബ് ബാഴ്സലോണയും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയ ബാഴ്സലോണ 4-2 എന്ന മാർജിനിലാണ് അവസാന എട്ടിലേക്കുള്ള ചവിട്ടുപടി കടന്നത്. ആദ്യ പാദത്തിൽ 3-0ത്തിന് ജയിച്ചിരുന്ന ബയേൺ ഇംഗ്ളീഷ് ക്ളബ് ചെൽസിയെ 4-1ന് തോൽപ്പിച്ച് 7-1 എന്ന മാർജിനിലാണ് ക്വാർട്ടറിലെത്തിയത്. അടുത്ത വെള്ളിയാഴ്ച രാത്രി ലിസ്ബണിൽ നടക്കുന്ന ഏകപാദ ക്വാർട്ടർ മത്സരത്തിൽ ബാഴ്സയും ബയേണും ഏറ്റുമുട്ടും.
മിന്നൽ ബാഴ്സ
ലോക്ക്ഡൗണിന് ശേഷം ആകെ ഡൗണായിപ്പോയതിനാൽ സ്പാനിഷ് ലാ ലിഗയിൽ ഉറപ്പായിരുന്ന കിരീടം നഷ്ടമായ വേദനയിലുള്ള ലയണൽ മെസിക്കും കൂട്ടർക്കും മികച്ച തിരിച്ചുവരവിനുള്ള സാുദ്ധ്യതകളാണ് ചാമ്പ്യൻസ് ലീഗ് തുറന്നിട്ടിരിക്കുന്നത്. നായകന്റെ ആം ബാൻഡ് ധരിച്ച് കളക്കാനിറങ്ങിയ മെസി മിന്നിത്തിളങ്ങിയ മത്സരത്തിലാണ് ബാഴ്സ നാപ്പോളിയെ പൊളിച്ചടുക്കിയത്. ആദ്യ പാദത്തിൽ 1-1ന് സമനിലവഴങ്ങിയിരുന്നെങ്കിലും എവേ ഗോളിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്ന ബാഴ്സ തുടക്കം മുതൽ നിറഞ്ഞ ഉൗർജത്തോടെയാണ് കളിച്ചത്.
ഗോളുകൾ ഇങ്ങനെ
10-ാം മിനിട്ടിൽ ക്ളമന്റ് ലെംഗ്ലറ്റിന്റെ തകർപ്പനൊരു ഹെഡറിൽ നിന്നാണ് ബാഴ്സലോണ ആദ്യ ഗോൾനേടിയത്. റാക്കിറ്റിച്ച് എടുത്ത കോർണർ കിക്കിന് തന്റെ മാർക്ക് ചെയ്യാൻ മറന്ന കൗലിബാലിയെ കടന്ന് ഉയർന്നുചാടി ലെംഗ്ളെറ്റ് തലവയ്ക്കുകയായിരുന്നു.
23-ാം മിനിട്ടിലാണ് മെസിയിൽ നിന്ന് തന്റെ ട്രേഡ് മാർക്ക് മാസ്മരിക ഡ്രിബിളിംഗ് ഗോൾ പിറന്നത്. സുവാരേസിൽ നിന്ന് റൈറ്റ് വിംഗിലുണ്ടായിരുന്ന മെസിയിലേക്ക് പന്തെത്തുമ്പോൾ നാലു നാപ്പോളി ഡിഫൻഡർമാരാണ് അടുത്തുണ്ടായിരുന്നത്. ആദ്യ രണ്ടുപേരെ ഡ്രിബിൾ ചെയ്യുമ്പോഴേക്കും വീണുപോയ മെസി ഞൊടിയിടയിൽ ചാടിയെണീറ്റ് മറ്റുരണ്ടുപേരെക്കൂടി വെട്ടിച്ച് അവരിൽ ഒരാളുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.ഇൗ ഗോളിൽ ബാഴ്സലോണ ടീമിലെ 11 കളിക്കാരുടെയും ടച്ചുണ്ടായിരുന്നു എന്നതും കൗതുകമായി.
33-ാം മിനിട്ടിൽ മെസി വീണ്ടും വലകുലുക്കിയെങ്കിലും ക്രോസ് സ്വീകരിക്കുന്നതിനിടെ പന്ത് കൈയിൽ തട്ടിയിരുന്നതിനാൽ റഫറി ഹാൻഡ് ബാൾ വിധിച്ചു.
45-ാം മിനിട്ടിൽ മെസിയെ കൗലിബാലി ഫൗൾ ചെയ്തതിന് റഫറി വീഡിയോ പരിശോധിച്ച ശേഷം നൽകിയ പെനാൽറ്റി കിക്കാണ് സുവാരേസ് ബാഴ്സയുടെ മൂന്നാം ഗോളാക്കി മാറ്റിയത്.
45+5-ാം മിനിട്ടിൽ മറ്റൊരു പെനൽറ്റി കിക്കിൽ നിന്ന് ലോറെൻസോ ഇൻസൈൻ നാപ്പോളിയുടെ ആശ്വാസ ഗോൾ നേടി.
13
തുടർച്ചയായ 13-ാം തവണയാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. 2015ലാണ് അവസാനമായി കിരീടം നേടിയത്.
35
ചാമ്പ്യൻസ് ലീഗിൽ മെസി ഗോൾ നേടുന്ന 35-ാമത്തെ എതിർക്ളബാണ് നാപ്പോളി. തൊട്ടടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ 33 ക്ളബുകൾക്ക് എതിരെ ഗോൾ നേടിയിട്ടുണ്ട്.
ബ്രില്യന്റ് ബയേൺ
ജർമ്മൻ ബുണ്ടസ് ലീഗയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് കിരീടം നേടിയതിന് പിന്നാലെയാണ് ചാമ്പ്യൻസ് ലീഗിലും ബയേൺ കുതിപ്പ് തുടർന്നത്. മാർച്ചിൽ ചെൽസിയുടെ തട്ടകത്തിൽ ചെന്ന് വിജയിച്ചതിനാലുണ്ടായിരുന്ന മുൻതൂക്കത്തിന്റെ ആത്മവിശ്വാസം അവരിലുണ്ടായിരുന്നു. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവാൻഡോവ്സ്കിയും ഒാരോ ഗോളടിച്ച പെരിസിച്ചും ടോളിസോയും ചേർന്നാണ് ബയേണിന് വിജയമൊരുക്കിയത്.
10-ാം മിനിട്ടിൽ പെനാൽറ്റിയൂടെ ലെവാൻഡോവ്സ്കിയാണ്സ്കോറിംഗ് തുടങ്ങിവച്ചത്.
24-ാം മിനിട്ടിൽ പെരിസിച്ച് ലീഡുയർത്തി.
44-ാം മിനിട്ടിൽ ടാമി എബ്രഹാമിലൂടെ ചെൽസി ഒരു ഗോൾ തിരിച്ചടിച്ചു.
76-ാം മിനിട്ടിൽ ടോളിസോ ബയേണിന്റെ മൂന്നാം ഗോൾ നേടി
83-ാം മിനിട്ടിലാണ് ലെവാൻഡോവ്സ്കി പട്ടിക പൂർത്തിയാക്കിയത്.
18
ഇൗ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ബയേണിന്റെ പതിനെട്ടാമത്തെ തുടർവിജയമാണിത്.
53
ഇൗ സീസണിലെ 44 മത്സരങ്ങളിൽ നിന്ന് ലെവാൻഡോവ്സ്കി ബയേണിനായി നേടിയ ഗോളുകളുടെ എണ്ണം.