achutha-menon
അച്ചുതമേനോൻ

മുഖ്യമന്ത്രി പദമൊഴിഞ്ഞ് തൃശൂരിൽ മടങ്ങിയെത്തിയ സി.അച്ചുതമേനോൻ പതിവ് സായാഹ്നസവാരിക്കിടയിൽ റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളിൽ ഒരു മാഗസീൻ വാങ്ങാൻ കയറി.തിരികെ ഇറങ്ങുമ്പോൾ ടിക്കറ്റ് എക്സാമിനർ പിടികൂടി.പ്ളാറ്റ്ഫോം ടിക്കറ്റെവിടെയെന്ന് ചോദിച്ചു. തമിഴ്നാട്ടുകാരനായ ആ എക്സാമിനർക്ക് ആളെ പിടികിട്ടിയിരുന്നില്ല. മുണ്ട് മടക്കിക്കുത്തി കാലൻകുടയുമായി നിൽക്കുന്നയാൾ കേരളം ദീർഘകാലം ഭരിച്ച മുൻ മുഖ്യമന്ത്രിയാണെന്ന് എങ്ങനെ അറിയും? അപ്പോഴേക്കും അച്ചുതമേനോനെ തിരിച്ചറിഞ്ഞ മറ്റൊരു റെയിൽവേ ഉദ്യോഗസ്ഥൻ ഇടപെട്ടു. അടുത്ത ദിവസം രാവിലെ ആ എക്സാമിനർ വീട്ടിൽ ചെന്നു.തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്തതെന്നും അതിൽ ക്ഷമ ചോദിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അച്ചുതമേനോന്റെ മറുപടി.തമിഴ്നാട്ടിലെ രാഷ്ട്രീയ സംസ്ക്കാരം കണ്ട ആ എക്സാമിനർക്ക് അത്ഭുതമായിരുന്നു ആ പെരുമാറ്റം.

സായാഹ്നങ്ങളിൽ പലപ്പോഴും തൃശൂർ തേക്കിൻകാട്ടിലെ ചീട്ടുകളി സംഘത്തിനു പിന്നിൽ കളിനോക്കി നിൽക്കുന്ന അച്ചുതമേനോനെ കണ്ടിട്ടുണ്ട്. തൃശൂരിൽ ജോലിചെയ്യുമ്പോൾ അദ്ദേഹത്തിന് ഒപ്പം ഏറെ നേരം സംസാരിച്ചിരിക്കാൻ ഇതെഴുതുന്നയാളിന് അവസരം ലഭിച്ചിട്ടുണ്ട്. ഉയർന്ന ചിന്തയും ലളിതമായ പെരുമാറ്റവും എല്ലാ മനുഷ്യരെയും സമഭാവനയോടെ കാണുന്ന പ്രകൃതവുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.64-ാമത്തെ വയസിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പിന്തിരിഞ്ഞു.

ആഗസ്റ്റ് 16 ന് അച്ചുതമേനോൻ വിടപറഞ്ഞിട്ട് 29 വർഷമാവുകയാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ മാനവികതയ്ക്കും പരിസ്ഥിതിക്കും ഏറ്റവും വിലകൽപ്പിച്ചിരുന്ന നേതാവായിരുന്നു മേനോൻ.ആ പാരമ്പര്യത്തിന് പിന്തുടർച്ചയില്ലാതെ പോയത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ച അപചയങ്ങളിൽ ഒന്നാണെന്ന് കരുതുന്നവരുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നിട്ടും അച്ചുതമേനോൻ അർഹിക്കുന്ന ആദരവും സ്മരണയും പാർടി അദ്ദേഹത്തിന് നൽകിയോ?കേരളത്തിലെ വികസന അജണ്ടയിൽ വ്യക്തമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്ത അദ്ദേഹത്തെ മാറിമാറിവന്ന സർക്കാരുകൾ പരിഗണിച്ചോ? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ല.സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പും,ശ്രീചിത്ര മെഡിക്കൽ സെന്ററും ,സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും ,സി.ഡി.എസുമടക്കം അദ്ദേഹം സ്ഥാപിച്ച അനവധി സ്ഥാപനങ്ങൾ ഉള്ളപ്പോൾ മറ്റൊരു സ്മാരകം എന്തിനെന്ന് വേണമെങ്കിൽ ചോദിക്കാം.

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോഴും അച്ചുതമേനോനായിരുന്നു സെക്രട്ടറി. അപ്പോഴാണ് അദ്ദേഹത്തിന് കടുത്ത സമ്മർദ്ദത്താൽ ആദ്യ ഹൃദയാഘാതം ഉണ്ടായത്. ഒരുമിച്ച് നിന്ന സഖാക്കൾ പാർട്ടിയെ പിളർത്തുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. 51മത്തെ വയസിലായിരുന്നു അത്.

1969 മുതൽ 77 വരെ അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായിരുന്നു .രണ്ട് ടേം തുടർച്ചയായി ഭരിച്ച മുഖ്യമന്ത്രി. മുന്നണിയിലെ വലിയ ഘടക കക്ഷി കോൺഗ്രസായിരുന്നിട്ടും സി.പി.ഐയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് അച്യുതമേനോൻ എന്ന വ്യക്തിയുടെ വലിപ്പം കൊണ്ടായിരുന്നു.

ദീർഘകാലം ഭരിച്ചിട്ടും അടിയന്തരാവസ്ഥയുടെ 20 മാസക്കാലത്തിന്റെ പേരിൽ അച്യുതമേനോന് എന്നും പഴി കേൾക്കേണ്ടി വന്നു .പ്രത്യേകിച്ചും കോഴിക്കോട് ആർ.ഇ.സി വിദ്യാർത്ഥിയായിരുന്ന രാജന്റെ കസ്റ്റഡി മരണത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. രാജന്റെ അച്ഛനും സുഹൃുത്തുമായ പ്രൊഫ.ഈച്ചരവാര്യരോട് നീതി പുലർത്താൻ കഴിഞ്ഞില്ലല്ലോയെന്ന ചിന്ത അച്ചുതമേനോനെ ഒരുപക്ഷെ അലട്ടിയിരിക്കും. രാജൻ എന്നൊരാളെക്കുറിച്ച് വിവരം വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരാൾ കസ്റ്റഡിയിൽ ഇല്ലെന്നായിരുന്നു പൊലീസ് മുഖ്യമന്ത്രിക്കു നൽകിയ മറുപടി. അന്ന് ആഭ്യന്തരമന്ത്രി കെ.കരുണാകരനായിരുന്നു.

കോൺഗ്രസിന് നൽകിയ പിന്തുണ പാർട്ടി പിൻവലിക്കണമെന്ന് സി.പി.ഐ ദേശീയ നേതൃത്വത്തിന് അടിയന്തരാവസ്ഥക്കാലത്ത് അച്ചുതമേനോൻ പലതവണ കത്തെഴുതിയിരുന്നു. എന്നാൽ പിന്തുണ പിൻവലിക്കാൻ പാർട്ടി ദേശീയ നേതൃത്വം അനുമതി നൽകിയില്ല. സോവിയറ്റ് യൂണിയന്റെ സമ്മർദ്ദമായിരുന്നു കാരണം.

അച്ചുതമേനോൻ എന്നിട്ടും എന്തേ ആത്മകഥയെഴുതിയില്ല ? രണ്ട് കാരണങ്ങളാണ് പ്രധാനമായി അദ്ദേഹത്തിന്റെ മകൻ ഡോ.വി.രാമൻകുട്ടി ചൂണ്ടിക്കാട്ടുന്നത്." പാർട്ടി കാര്യങ്ങൾ തനിക്കു മുമ്പെ പാർട്ടിയിൽ വന്ന ഇ.എം.എസും എൻ.ഇ.ബലറാമും എഴുതിയിട്ടുണ്ടെന്നായിരുന്നു അച്ഛൻ പറഞ്ഞത്. അതുപോലെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്ന പലകാര്യങ്ങളും തുറന്നു പറയുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഉറച്ചു വിശ്വസിച്ചിരുന്നു ".

അച്ചുതമേനോൻ ആത്മകഥ എഴുതിയിരുന്നെങ്കിൽ ഒരു പക്ഷേ അത് കേരളത്തിന്റെ വികസന ചരിത്രത്തിലേക്കുള്ള സാക്ഷ്യമാകുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ചില ജീവചരിത്രഗ്രന്ഥങ്ങളും രണ്ട് ഡോക്കുമെന്ററികളും ഉണ്ടായി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുവന്ന കബീർറാവുത്തർ ഫിലിംസ് ഡിവിഷനുവേണ്ടി അച്ചുതമേനോന്റെ മരണശേഷം എടുത്ത ഡോക്കുമെന്ററിയിൽ മേനോനായി ഡോ.രാമൻകുട്ടി വേഷമിട്ടിരുന്നു. വെള്ള ഉടുപ്പും ഷർട്ടുമണിഞ്ഞ് കാലൻകുടയുമായി തേക്കിൻകാട്ടിലൂടെ നടന്നത് രാമൻകുട്ടി ഓർക്കുന്നുണ്ട്..

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് ചാലക്കുഴി ലൈനിലെ മകളുടെ വീട്ടിൽ വച്ച് അച്ചുതമേനോനെക്കണ്ടിരുന്നു. സ്നേഹനിർഭരമായ ആ മന്ദഹാസം മനസിൽ നിറഞ്ഞു നിൽക്കുന്നു.