കൊവിഡ് ബ്രേക്കിന് ശേഷം ചാമ്പ്യൻസ് ലീഗ് പുനരാരംഭിച്ചതോടെ ഒരു കോച്ചിനുകൂടി ' പണി ' കിട്ടിയിരിക്കുന്നു. കഴിഞ്ഞ രാത്രി രണ്ടാം പാദ പ്രീക്വാർട്ടറിൽ ഒളിമ്പിക് ലിയോണിനെ തോൽപ്പിച്ചെങ്കിലും ക്വാർട്ടറിലേക്ക് കടക്കാൻ കഴിയാതിരുന്ന യുവന്റസിന്റെ പരിശീലകൻ മൗറീഷ്യോ സരിയോടാണ്, ചെയ്ത സേവനങ്ങൾക്കെല്ലാം നന്ദി; ഇനി വീട്ടിലിരുന്നോളൂവെന്ന് ക്ളബ് അധികൃതർ പറഞ്ഞത്. പുതിയ കോച്ചായി തങ്ങളുടെ മുൻ താരവും ഒരാഴ്ച മുമ്പ് അണ്ടർ-23ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്ന ആളുമായ ആന്ദ്രേ പിർലോയെ നിയമിക്കുകയും ചെയ്തു.
ഇറ്റാലിയൻ സെരി എയിലും കോപ്പ ഇറ്റാലിയയിലും സൂപ്പർ കോപ്പയിലുമൊക്കെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായിട്ടുള്ള ക്ളബാണ് ടൂറിനിലെ യുവന്റസ്. 36 തവണയാണ് ഫസ്റ്റ് ഡിവിഷനായ സെരി എയിൽ ചാമ്പ്യന്മാരായത്. തുടർച്ചയായ ഒമ്പതാമത്തെ സെരി എ കിരീടമാണ് ഇക്കുറി നേടിയത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇറ്റലിക്ക് പുറത്തേക്ക് തങ്ങൾക്ക് ചിറക് വിടർത്താൻ കഴിയാത്തത് യുവയെ ഏറെ നാളായി അലട്ടുന്നു. യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗായ ചാമ്പ്യൻസ് ലീഗിൽ യുവന്റസ് കിരീടം നേടിയത് 24 കൊല്ലം മുമ്പ് 1996ലാണ്.
കാൽനൂറ്റാണ്ടോളമാകുന്ന ആ വരൾച്ചയ്ക്ക് വിരാമമിടാനുള്ള വാശിയാണ് രണ്ട് വർഷം മുമ്പ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡിൽ നിന്ന് വല വിലയ്ക്ക് ടൂറിനിലെത്തിച്ചത്. ക്രിസ്റ്റ്യാനോ വന്ന ആദ്യ സീസണിൽ അതിന് കഴിയാതിരുന്നതോടെ അഞ്ചുകൊല്ലം പരിശീലിപ്പിച്ചിരുന്ന കോച്ചിനെയും മാറ്റിക്കളഞ്ഞു.എന്നിട്ടും ഇൗ സീസണിൽ ക്വാർട്ടറിൽ കടക്കാൻ കഴിയാതിരുന്നതോടെയാണ് സറിയുടെ കസേരയും തെറിച്ചത്.
ബാങ്കർ സറി
നേപ്പിൾസുകാരനായ മൗറീഷ്യോ സറി ജീവിതത്തിൽ ഒരിക്കലും പ്രൊഫഷണൽ ഫുട്ബാൾ കളിച്ചിട്ടുണ്ടായിരുന്നില്ല. ഉപജീവനത്തിന് ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷമാണ് അദ്ദേഹം അണിഞ്ഞിരുന്നത്. എന്നാൽ കളിക്കളങ്ങൾ എന്നും ആവേശമായിരുന്നു. പുറത്തിരുന്ന് നീക്കങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കുന്നതിൽ താത്പര്യം തോന്നിയ സറി ഒരു ഹോബിയായാണ് ബാങ്കിലെ ജോലി കഴിഞ്ഞുളള സമയങ്ങളിൽ പ്രാദേശിക ക്ളബുകളെ ഫുട്ബാൾ പരിശീലിപ്പിക്കാൻ തുടങ്ങിയത്. പതിയെ ബാങ്ക് ജോലി ഹോബിക്ക് വഴിമാറി. ഇറ്റലിയെ പതിനാറോളം കുഞ്ഞുക്ളബുകളെ പരിശീലിപ്പിച്ച സറി 2014ൽ എംപോളിയെ സെരി എയിലേക്ക് ഉയർത്തികൊണ്ടുവന്നാണ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചത്. ഇതോടെ വലിയ ക്ളബുകളുടെ നോട്ടം സറിയിൽ പതിഞ്ഞു.2015ൽ നാപ്പോളിയിലെത്തി അവരുടെ ഉയിർത്തെണീപ്പിന് വഴിയൊരുക്കി.2018ൽ ചെൽസിയിലേക്ക് പോയി അവരെ യൂറോപ്പ ലീഗിൽ ചാമ്പ്യന്മാരാക്കിയ ശേഷമാണ് യുവന്റസിലേക്ക് എത്തിയത്.
'മിസ്റ്റർ 33'യുടെ 'സറിബാൾ'
വ്യത്യസ്തമായ തന്ത്രങ്ങളാണ് സറിയെ ശ്രദ്ധേയനാക്കിയത്. സെറ്റ്പീസുകൾ എടുക്കാൻ 33 വ്യത്യസ്തമായ രീതികളുണ്ടെന്ന് സറി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 'മിസ്റ്റർ 33' എന്ന വിളിപ്പേരും കിട്ടി. ബുദ്ധി ഉമയോഗിച്ച് കളിക്കേണ്ടതാണ് ഫുട്ബാൾ എന്നതായിരുന്നു സറിയുടെ ചിന്താഗതി. 'സറിബാൾ' എന്ന് വിശേഷിപ്പിക്കപ്പെട്ട ശൈലിക്ക് അദ്ദേഹം രൂപം നൽകി. ബാക്ക്ലൈൻ ഡിഫൻസിൽ നാലുപേരെ നിറുത്തുക, സോണൽ മാർക്കിംഗും ഒാഫ് സൈഡ് ട്രാപ്പുകളുംകൊണ്ട് എതിരാളികളെ കബളിപ്പിക്കുക, കൂടുതൽ സമയം പന്ത് കാൽവശം വയ്ക്കുക, ഫ്രീകിക്ക്,കോർണർ കിക്ക് തുടങ്ങിയ സെറ്റ്പീസ് അവസരങ്ങൾ ഗോളാക്കിമാറ്റുക എന്നതായിരുന്നു സറിബാളിന്റെ ആകെത്തുക. അതിവേഗത്തിലുള്ള കുറിയ പാസുകൾ കൊണ്ട് കളിയുടെ ദ്രുതതാളം നഷ്ടപ്പെടുത്താത്ത സറി തന്റെ പ്ളേമേക്കറെ പ്രതിരോധ നിരയ്ക്ക് സമീപത്ത് വിന്യസിച്ച് ഞൊടിയിടയിലുള്ള കൗണ്ടർ അറ്റാക്കുകൾ കൃഷ്ടിക്കുന്നതിലും വിദ്ഗ്‌ധനായിരുന്നു. ബാഴ്സലോണയുടെയും സ്പെയ്നിന്റെയും ടിക്കി ടാക്കയ്ക്ക് സമാനമായ സറിയുടെ ശൈലി ഇഷ്ടപ്പെട്ടാണ് ചെൽസി വിളിച്ചത്.അവിടെ നിന്ന് യുവന്റസിലെത്തിയതും തന്ത്രങ്ങളുടെ പെരുമ കൊണ്ടായിരുന്നു.
'സറി'യാകാതെ യുവന്റസ്
തന്റെ രീതിയിലേക്ക് യുവന്റസ് താരങ്ങളെ കൊണ്ടുവരാൻ ഒരു സീസൺ മുഴുവൻ കിട്ടിയിട്ടും കഴിഞ്ഞിട്ടില്ലെന്ന് സറി തന്നെ പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം യുവന്റസ് തുടങ്ങിയതുതന്നെ കോപ്പ ഇറ്റാലിയയിൽ നാപ്പോളിയോട് ഫൈനൽ ഷൂട്ടൗട്ടിൽ തോറ്റുകൊണ്ടായിരുന്നു. അപ്പോഴേ സറിയുടെ കാര്യത്തിൽ മുറുമുറുപ്പുകൾ ഉയർന്നിരുന്നു.സെരി എയിൽ കിരീടം ഉറപ്പിച്ച ശേഷമുള്ള രണ്ട് കളികളിലെ തോൽവികൾ കാര്യങ്ങൾ കഷ്ടത്തിലാക്കി.ഏറെക്കാലമായി കാണുന്ന ചാമ്പ്യൻസ് ലീഗ് സ്വപ്നം സഫലമായില്ലെങ്കിൽ സറിയെ മാറ്റുമെന്ന് വാർത്തകളും പ്രചരിച്ചിരുന്നു. ആദ്യ പാദ പ്രീക്വാർട്ടറിൽ ലിയോണിനോട് 1-0ത്തിന് തോറ്റതിന്റെ സമ്മർദ്ദത്തിലായിരുന്നു സറി. രണ്ടാം പാദത്തിൽ പെനാൽറ്റിയിലൂടെ തുടക്കത്തിലേ എവേ ഗോൾ വഴങ്ങിയത് കളിയുടെ വിധി കുറിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്ളബ് പുറത്തായി അധികം വൈകാതെ സറിയും തെറിച്ചു.
കോച്ച് പിർലോ
സറി പോവുകയാണെങ്കിൽ പകരക്കാരനാകാൻ പലരുടയും പേര് ഉയർന്നിരുന്നു കഴിഞ്ഞ ആഴ്ചകളിൽ . അക്കൂട്ടത്തിലൊന്നും പിർലോ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞയാഴ്ച യുവന്റസിന്റെ അണ്ടർ23 ടീം കോച്ചായി പിർലോ നിയോഗിക്കപ്പെട്ടു. ഭാവി സീനിയർ ടീം കോച്ചാണ് പിർലോയെന്നും പണി പഠിക്കാൻ ജൂനിയർ ടീമിനാെപ്പം നിറുത്തുകയാണെന്നും സൂചനയുണ്ടായി. ഒരു സീസൺ കൂടിയെങ്കിലും സറി തുടരുമെന്നും അത് കഴിയുമ്പോഴേ സീനിയർ ടീമിലേക്ക് പിർലോ എത്തുമെന്നും കരുതി ഇരിക്കുമ്പോഴാണ് അപ്രതീക്ഷിത നീക്കം ഉണ്ടാവുന്നത്.
മിഡ്ഫീൽഡ് മാന്ത്രികൻ
ഇറ്റാലിയൻ ദേശീയ ടീമിന്റെയും മുൻ നിര ക്ളബുകളുടെയും മിഡ്ഫീൽഡിലെ മാന്ത്രിക സ്പർശമായിരുന്നു ആന്ദ്രേ പിർലോ.കാഴ്ചയിൽ മറ്റ് കളിക്കാരിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു പിർലോ. നീണ്ടുവളർന്ന മുടിയിഴകൾ പാതി മറയ്ക്കുന്ന മുഖത്ത് എപ്പോഴും നിസംഗഭാവമായിരുന്നു.
പക്വത വിളംബരം ചെയ്യുന്ന ആഴമേറിയ കണ്ണുകൾ ഒരു ദാർശനികന്റെ ഭാവം പകർന്നിരുന്നു. കളിക്കളത്തിൽ ഒരു മിഡ്ഫീൽഡർ എന്തായിരിക്കണമെന്നതിന്റെ പര്യായമായിരുന്നു പിർലോ. കളി മെനയുക എന്നത് എത്രത്തോളം മനോഹരമാണെന്ന് അദ്ദേഹം തെളിയിച്ചു. മദ്ധ്യനിരയിൽ നിന്ന് പന്തുമായി മുന്നേറി തന്നെ സഹതാരങ്ങൾക്ക് കൃത്യമായി പന്തുകൊടുത്തും വാങ്ങിയും അക്രമണത്തിന്റെ മാർഗവും ലക്ഷ്യവും തീരുമാനിക്കുന്നതിൽ അഗ്രഗണ്യനായ പിർലോ പന്തടക്കത്തിലും സാങ്കേതികതയിലും ക്രിയാത്മകതയിലും എന്നും ഒരു പടി മുന്നിലായിരുന്നു. ഫ്രീകിക്കുകളിലും പാസിംഗിലും ആ തികവ് വേറിട്ടുനിന്നു. അതുകൊണ്ടുതന്നെയാണ് 2011ൽ പിർലോ എ.സി മിലാൻ വിട്ട് യുവന്റസിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ '' ദൈവം ഉണ്ടെന്നത് ശരിയാണെന്ന് ഇപ്പോൾ മനസിലായി" എന്നാണ് യുവന്റസ് ഗോളിയായിരുന്ന ജിയാൻ ലൂഗി ബഫൺ പറഞ്ഞത്.2006നും 2015നുമിടയിൽ അഞ്ചുതവണയാണ് പിർലോ ലോക ഫുട്ബാളിലെ ഏറ്റവും മികച്ച പ്ളേമേക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
കോച്ച് പിർലോ
കളിക്കാരനെന്ന നിലയിൽ നേടിയെടുത്ത പേര് കോച്ചായും നിലനിറുത്താൻ കഴിയുക എന്നതാണ് പിർലോയെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി.ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ കഴിവുള്ള ഒരു താരത്തെ മുന്നിൽനിറുത്തി മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കാൻ പിർലോയ്ക്ക് കഴിയേണ്ടതുണ്ട്. 2016ൽ റാഫേൽ ബെനിറ്റ്സിനെ പുറത്താക്കി സിദാനെ കൊണ്ടുവന്ന റയൽ മാഡ്രിഡിലേതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ യുവന്റസിലും ക്രിസ്റ്റ്യാനോയ്ക്കുള്ളത്.സിദാനുമായി നല്ല ബന്ധത്തിൽ പോകാനും തുടർച്ചയായി ചാമ്പ്യൻസ് ലീഗുകൾ നേടാനും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞിരുന്നു. പിർലോയുമായും ആ ബന്ധം സ്ഥാപിക്കാനായാൽ ചാമ്പ്യൻസ് ലീഗ് എന്ന ലക്ഷ്യത്തിലേക്ക് ക്ളബിനെ എത്തിക്കാനാകും.
കളിക്കാർ കോച്ചാകുമ്പോൾ
മിടുക്കന്മാർ കളിക്കാരൻ എന്ന നിലയിലെ കരിയർ അവസാനിപ്പിച്ചാൽ അധികം വൈകിപ്പിക്കാതെ അവരെ കോച്ചിംഗിലേക്ക് കൊണ്ടുവരുന്നതാണ് യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ഇപ്പോഴത്തെ ശൈലി.പെപ് ഗ്വാർഡിയോളയും സിമയോണിയുമൊക്കെയാണ് ഇൗ രീതിയിലുള്ള റിക്രൂട്ട്മെന്റിലെ ആദ്യ ബാച്ചുകാരായിരുന്നത്. പിന്നെ സിദാനും ആർട്ടേറ്റയും ഫ്രാങ്ക് ലംപാഡും ചാവി ഹെർണാണ്ടസുമൊക്കെവന്നു. ആ നിരയിലെ ഒടുവിലാനാണ് പിർലോ. കളിക്കളത്തിലെ മാന്ത്രികൻ ടച്ച് ലൈനിന് പുറത്തുനിന്ന് എന്താണ് കാട്ടുകയെന്ന് കാത്തിരുന്ന് കാണാം.
പിർലോ കരിയർ ഗ്രാഫ്
1995ൽ ബ്രെഷ്യയ്ക്ക് വേണ്ടിയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
1998ൽ ഇന്റർമിലാനിലെത്തി.അടുത്ത സീസണിൽ അവർ റെഗ്ഗിനയ്ക്കും അതിനടുത്ത സീസണിൽ ബെഷ്യയ്ക്കും ലോൺ നൽകി.
2001ൽ എ.സി മിലാനിലെത്തിയതോടെ പിർലോയുടെ കരിയർ സ്ഥിരമായി.പത്തുകൊല്ലത്തോളം അവിടെ കളിച്ചു. 284 മത്സരങ്ങളിൽ എ.സി മിലാന്റെ കുപ്പായമണിഞ്ഞു.
2011 ലാണ് യുവന്റസിലേക്ക് ചേക്കറിയത്. 2015വരെ അവിടെ തുടർന്ന് 119 മത്സരങ്ങളിൽ കളിച്ചു.
2015ൽ അമേരിക്കൻ ക്ളബ് ന്യൂയോർക്ക് സിറ്റിയിലേക്ക് പോയി രണ്ട്കൊല്ലം കൂടി കളിച്ചശേഷം ബൂട്ടഴിച്ചു.
570 പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച പരിചയവുമായാണ് പിർലോ യുവന്റസിലേക്ക് വരുന്നത്.
1994 ൽ അണ്ടർ 15 ടീമിനുവേണ്ടിയാണ് പിർലോ ആദ്യമായി ഇറ്റലിയുടെ ജഴ്സിയണിയുന്നത്. അണ്ടർ 16,17,18,21 ടീമുകളിലെല്ലാം കളിച്ചു.
2002 ലാണ് ഇറ്റാലിയൻ സീനിയർ ടീമിൽ അരങ്ങേറുന്നത്. 2015വരയെുള്ള കാലയളവിൽ 116 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു.
2004ൽ ഏതൻസ് ഒളിമ്പിക്സിൽ രാജ്യത്തെ വെങ്കലത്തിലേക്ക് നയിച്ചു.
2006ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
രാജ്യത്തിനെ രണ്ട് വീതം ലോകകപ്പുകളിലും യൂറോ കപ്പിലും കോൺഫെഡറേഷൻ കപ്പിലും പ്രതിനിധീകരിച്ചു.
2019ൽ ഇറ്റാലിയൻ ഫുട്ബാൾ പിർലോയെ ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തി.
വിളിപ്പേരുകൾ പലത്
കളിക്കളത്തിലെ അനന്യസാധാരണമായ മികവുകൊണ്ട് നിരവധി വിളിപ്പേരുകൾ സമ്പാദിച്ചിട്ടുണ്ട് പിർലോ.
ഒരു വാസ്തുശിൽപ്പിയെപ്പോലെ ഫോർമേഷനുകൾ നിർമ്മിക്കുന്നതിലെയും ലോംഗ് പാസുകൾ കൃത്യമായി കൈമാറുന്നതിലെയും വൈദഗ്ധ്യം കണ്ട് ആദ്യ കാലത്തെ കൂട്ടുകാർ പലരും വിളിച്ചിരുന്നത് ആർക്കിടെക്റ്റ് എന്നാണ്.
പിന്നീട് യുവന്റസിലെത്തിയപ്പോൾ മുഖത്തെ പക്വതകൊണ്ട് ആരാധകർ പ്രൊഫസർ എന്ന് വിളിക്കാൻ തുടങ്ങി.
കളിക്കളത്തിലെ നീക്കങ്ങളുടെ താളം മൊസാർട്ട് എന്നൊരു വിളിപ്പേരും സമ്മാനിച്ചു. മാസ്റ്റർ എന്നും വിളിച്ചവർ ഏറെ.
പിർലോയുടെ മുഖത്തെ ഉരുക്ക് ഭാവം പാരമ്പര്യമായി കിട്ടിയതാണെന്ന് കൂട്ടുകാർ കളിയാക്കാറുണ്ട്. പിർലോയുടെ അച്ഛന് ബ്രെഷ്യയിൽ ലോഹങ്ങളുടെ കച്ചവടമായിരുന്നു. ആ ബിസിനസ് ഇപ്പോൾ നടത്തുന്നത് പിർലോയാണ്. വലിയ ബിസിനസുകാരനാണെങ്കിലും പണത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് പിർലോ പറയുന്നത്. വൈനിന്റെ രുചി നിർണയിക്കുന്നതിൽ വിദഗ്ധനുമാണ് പിർലോ. സ്വന്തമായി വൈൻ യാർഡുകളുമുണ്ട്.