ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നിറുത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെയോടെയാണ് പുനരാരംഭിച്ചത്. മഴയുടെ ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിയതും രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്. വളരെ കരുതലോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ ഓരോ ലയവും ഇരുന്ന സ്ഥാനം നോക്കിയാണ് മണ്ണുമാറ്റുന്നത്. മൃതദേഹം കണ്ടെത്തിയാൽ തന്നെ മണ്ണിനടിയിൽ നിന്ന് പുറത്തെടുക്കുന്നത് അതീവ ദുഷ്കരമാണ്. പ്രദേശം ചതുപ്പ് പോലെയായതിനാൽ ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയാണ്. നിലത്ത് തകരഷീറ്റ് വിരിച്ച് അതിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. വലിയ പാറക്കല്ലുകൾക്കിടയിൽ മൃതദേഹങ്ങൾ അകപ്പെട്ടതായി സംശയിക്കുന്നുണ്ട്. പാറ പൊട്ടിക്കുന്നതിന് ജാക്ഹാമർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മോശമായതിനാൽ സാധിച്ചില്ല. ഇതിനുളള നടപടികൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി മുരളീധരനും അപകട സ്ഥലം സന്ദർശിച്ചു.
അതേസമയം, ദുരന്തത്തിൽ മരിച്ച തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായത്തെച്ചൊല്ലിയുളള രാഷ്ട്രീയവിവാദവും മുറുകുകയാണ്. കരിപ്പൂരിൽ ദുരന്തത്തിനിരയായവർക്ക് നൽകുന്ന അതേ സഹായം തന്നെ പെട്ടിമുടിയിൽ ദുരന്തത്തിൽപ്പെട്ടവർക്കും നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. കരിപ്പൂരിൽ ഓടിയെത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തുമെന്നാണ് താൻ കരുതിയതെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരനും പറഞ്ഞു.