1. പത്തനംതിട്ടയില്‍ അതീവ ജാഗ്രത. പമ്പ ഡാമിന്റെ 6 ഷട്ടറുകള്‍ 2 അടി വീതം തുറന്നിടും. 8 മണിക്കൂര്‍ നേരം പമ്പാ ഡാം തുറന്നിടും. അഞ്ച് മണിക്കൂറിന് ഉള്ളില്‍ റാന്നി ടൗണിലേക്ക് വെള്ളമെത്തും. റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജം. തിരുവല്ലയില്‍ 6 ബോട്ടുകളും പന്തളത്ത് 2 ബോട്ടുകളും സജ്ജം. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. തിരുവല്ലയിലും, ചെങ്ങന്നൂരും മുന്‍കരുതല്‍. തിരുവല്ലയില്‍ വെള്ളപ്പൊക്കം. വീടുകളും റോഡുകളും വെള്ളത്തില്‍. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി ഗുരുതരമാണ്. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞു. കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളം കയറിയ ഭാഗങ്ങളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.
2. ആലപ്പുഴ ജില്ലയിലെ കൈനക്കരിയില്‍ വ്യാപക മടവീഴ്ച. അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. എണ്ണൂറില്‍ അധികം പേര്‍ ക്യാമ്പുകളിലേക്ക് മാറി. കാട്ടയം നഗരത്തില്‍ വെള്ളം കയറി. നാഗമ്പടം അടക്കം പലയിടങ്ങളിലും അപകട പരിധിക്കും മുകളിലാണ്. കോട്ടയം പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മീനച്ചിലാറിന്റെ കൈവഴിയില്‍ നിന്നാണ് കുത്തൊഴുക്ക് ഉണ്ടായത്. പാലാ ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറുന്നു. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലും സ്ഥിതി രൂക്ഷമാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ വയനാട് ബാണാസുര സാഗര്‍ ഡാം തുറക്കും. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്‍മുടി ഡാമുകള്‍ തുറന്നു. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളും തുറന്നു.
3. ആന്ധ്ര ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴി ഒരുക്കുന്നതാണ് പുതിയ സാഹചര്യം. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുല, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട തീവ്ര മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും പരക്കെ മഴ ലഭിക്കും. മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. സംഭരണികളിലേക്ക് ഉള്ള നീരൊഴുക്ക് കെ.എസ്.ഇ.ബി യും ജലവിഭവ വകുപ്പും നിരീക്ഷിച്ച് വരികയാണ്.
4. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയര്‍ ആക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട 18 പേരില്‍ ഒരാള്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കരിപ്പൂര്‍ വിമാനാപകടത്തില്‍ പ്പെട്ട 117 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. 3 പേരുടെ നില അതീവ ഗുരുതരം ആണ്. ചികിത്സയിലുള്ളതില്‍ ഇരുപത് പേര്‍ കുട്ടികളാണ്. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
5. പൈലറ്റുമാര്‍ രണ്ടു പേരും അപകടത്തില്‍ മരണപ്പെട്ടതിനാല്‍ ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കരിപ്പൂര്‍ വിമാനപകടം ചര്‍ച്ച ചെയ്യാന്‍ നാളെ ഡി.ജി.സി.എ യോഗം. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പിഴവ് ഉണ്ടായോ എന്ന് പരിശോധിക്കും. വിമാന അപകട അന്വേഷണം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വിലയിരുത്തി. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സുപ്രധാനമാണ്.
6. അന്വേഷണ വിവരങ്ങള്‍ പുറത്തു വിടുമെന്നും ഉത്തരവാദിത്വം ഇല്ലാത്ത വിലയിരുത്തലുകള്‍ ഒഴിവാക്കണം എന്നും വ്യോമയാനമന്ത്രി പ്രതികരിച്ചു. കോഴിക്കോട് വിമാനാപകടം സാങ്കേതിക തകരാറ് മൂലമല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഡല്‍ഹിയില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ഉന്നതതല യോഗം വിളിച്ച് അന്വേഷണം വിലയിരുത്തി. വ്യോമയാന സെക്രട്ടറി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, എയര്‍ ഇന്ത്യ ഡി.ജി, എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതിനിടെ, വിമാനപകടത്തില്‍ മരണപ്പെട്ട പൈലറ്റുമാരുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. സംസ്‌കാരം ഇന്ന് തന്നെ നടക്കും.
7. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കിയത്. പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ യു.എ.ഇയിലേക്ക് പോകുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. എസ്.പിയടക്കം രണ്ടംഗ സംഘമാണ് ദുബായിലേക്കു പോകുക. അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടുകയും ചെയ്തു. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുക ആണെന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പൊലീസിന്റെ ഭാഗത്തുനിന്നോ യുഎഇ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല.
8. മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 28 ആയി. തിരച്ചില്‍ തുടരുകയാണ്. നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താന്‍ ഉള്ളത് 42 പേരെയാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളും ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും ആണ് തിരച്ചില്‍ നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെട്ടിമുടി സന്ദര്‍ശിച്ചു. ധനസഹായമായി 10 ലക്ഷം വീതം നല്‍കണം എന്നും ആവശ്യപ്പെട്ടു.
9. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും പെട്ടിമുടിയുടെ മണ്ണില്‍ അമര്‍ന്നവരെ കണ്ടെത്താനുള്ള തിരച്ചിന് തടസം ആകുകയാണ്. ചെളി നീക്കം ചെയ്തുള്ള രക്ഷാ പ്രവര്‍ത്തനത്തനം അഗ്നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ആണ് നടക്കുന്നത്. അഗ്നിരക്ഷാ സേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവയടക്കം ഉള്ള സേനാംഗങ്ങള്‍ പെട്ടിമുടിയില്‍ തിരച്ചില്‍ തുടങ്ങിയിട്ട് 48 മണിക്കൂറുകള്‍ പിന്നിട്ടു. രാഷ്ട്രീയ, സന്നദ്ധ സംഘടനകളില്‍ അംഗങ്ങളായ പ്രവര്‍ത്തകരും ഇവര്‍ക്കു പിന്തുണയുമായി ഉണ്ട്.