തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടി (71), കോഴിക്കോട് ഫറൂക്ക് സ്വദേശി രാധാകൃഷ്ണൻ (80), തിരുവനന്തപുരം പേയാട് സ്വദേശി തങ്കപ്പൻ ( 72) എന്നിവരാണ് മരിച്ചത്.
ഈ മാസം ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി ഖാദർ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവെയാണ് രാധാകൃഷ്ണൻ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് തങ്കപ്പന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് ഇദ്ദേഹം മരിച്ചത്.
ഇന്നലെ നാല് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരിച്ച ഉപ്പള സ്വദേശി വിനോദ്കുമാർ (41), ചൊവ്വാഴ്ച മരിച്ച കോഴിക്കോട് വെള്ളികുളങ്ങരയിൽ സുലേഖ (63), ബുധനാഴ്ച മരിച്ച കൊല്ലം സ്വദേശി ചെല്ലപ്പൻ (60),വ്യാഴാഴ്ച മരിച്ച ചേർത്തല സ്വദേശി പുരുഷോത്തമൻ (84) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.
1420 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1216 പേർ സമ്പർക്ക രോഗികളാണ്. 92പേരുടെ ഉറവിടം വ്യക്തമല്ല. 1715പേരുടെ ഫലം നെഗറ്റീവായി. 30 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ. 485 പേർക്കാണ് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. തീരപ്രദേശങ്ങൾക്കൊപ്പം മറ്റിടങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.