തിരുവനന്തപുരം: ആറ്റിപ്രയിലെ കുടിയൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ ബി ജെ പി രംഗത്ത്. മരടിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കായൽ കയ്യേറി ഫ്ലാറ്റ് പണിതവർക്ക് സഹായം നൽകുകയും, കോടതിയിൽ അപ്പീൽ പോകുകയും ചെയ്ത സർക്കാരാണ് ആറ്റിപ്രയിൽ പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി വീടുകൾ തകർത്ത് കുടിയൊഴിപ്പിച്ചതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ പറഞ്ഞു.
ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നിൽ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട ആറ് പട്ടികജാതി കുടുംബങ്ങൾ കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുകയാണ്. ജില്ലാഭരണകൂടവും, സംസ്ഥാന സർക്കാരും പാവങ്ങളുടെ സമരത്തെ കണ്ടില്ലന്ന് നടിക്കുകയാണെന്ന് സുധീർ പറഞ്ഞു. മരടിൽ കായൽ കയ്യേറി പണിത ആഢംബര ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി പലതവണ പറഞ്ഞിട്ടും ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ വേണ്ടി വാദിച്ച പിണറായി സർക്കാരാണ് പാവങ്ങളെ കുടിയിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇത് ഇരട്ടനീതിയാണ്. ചെറുവള്ളി എസ്‌റ്റേറ്റ് ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കയ്യേറ്റക്കാർ കയ്യിൽ വച്ചിരിക്കുമ്പോഴാണ് പട്ടികജാതി സഹോദരങ്ങളെ സ്വന്തം ഭൂമിയിൽ നിന്നിറക്കി വീടിടിച്ചു കളഞ്ഞത്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് തന്നെയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, സി പി എം നേതാക്കളുടേയും അറിവോടെയാണ് ഈ നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 90 വർഷമായി തലമുറകളായി ജനിച്ച് താമസിക്കുന്ന സ്ഥലത്തു നിന്നാണ് വ്യാജരേഖ ചമച്ച് നേടിയ കോടതി വിധിയുടെ പേരിൽ പുലർച്ചെ അഞ്ച് മണിക്ക് വൻ പൊലീസ് സന്നാഹത്തോടെ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ത്രീകളെയും പിഞ്ചു കുട്ടികളെയും നാൽകാലികളെ പോലെ വലിച്ചിഴച്ചു സ്റ്റേഷനിൽ കൊണ്ടു പോയത്.
സ്റ്റേഷനിൽ 18 പേരെ ഒരു മുറിയിൽ പൂട്ടിയിട്ടതിനു ശേഷം പൊലീസ് കാവലിൽ ഇവരുടെ 6 വീടുകളും ഇടിച്ചു നിരത്തി. കൊടും ക്രൂരതയും സമാനതകളില്ലാത്ത ദലിത് പീഡനവുമാണിത്. കൊവിഡ്ക്കാലത്ത് കുടിയൊഴിപ്പിക്കലും ജപ്തി നടപടികളും പാടില്ലന്ന കോടതി വിധിയും അട്ടിമറിച്ചു.
വ്യക്തമായി പരിശോധിച്ചാൽ ഈ ഭൂമി ഇവരുടെ തന്നെയാണന്ന് വ്യക്തമാകും. കോടതിയെ സമീപിക്കാനുള്ള സമയം പോലും നൽകാതെ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ കുടിയിറക്കിയതോടെ വൃദ്ധന്മാരും പിഞ്ചു കുട്ടികളും തെരുവിൽ സമരത്തിലാണ്. അവർ എങ്ങോട്ട് പോകണമെന്ന് സർക്കാർ പറയണമെന്ന്" സുധീർ ആവശ്യപ്പെട്ടു. റിയൽ എസ്‌റ്റേറ്റ് മാഫിയകളെ സഹായിക്കാനാണ് മന്ത്രിയും, പൊലീസും ഉൾപ്പെടെ ഇവരെ കുടിയൊഴിപ്പിച്ചതെന്നനും അദ്ദേഹം പറഞ്ഞു.
ബി ജെ പി ഈ സമരം ഏറ്റെടുത്ത് സജീവമായി സമരമുഖത്തുണ്ട്. അടിയന്തരമായി സർക്കാർ പ്രശ്നത്തിൽ ഇടപെടണം. കുടിയിറക്കപ്പെട്ട പട്ടികജാതി കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട വീടും ഭൂമിയും തിരിച്ചു നൽകണം. സ്ത്രീകളെയും, കുട്ടികളെയും അക്രമിച്ച പോലീസുദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.