colour-diamond

മോസ്കോ: ലോകത്തിലേറ്റവും വലിപ്പമുള്ള അപൂർവ ഇനം കളർ ഡയമണ്ടുകളിൽ ഒന്ന് റഷ്യയിൽ കണ്ടെത്തി. 236 കാരറ്റുള്ള പരുക്കൻ സ്വഭാവമുള്ള വജ്രമാണിത്.

ഈ അമൂല്യ രത്നത്തിന് ഏതാണ്ട് 120 മുതൽ 230 ദശലക്ഷം വർഷം വരെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചുവപ്പു കലർന്ന മഞ്ഞനിറമാണിതിനെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ ഇതുവരെ ഖനനം ചെയ്തതിൽ ഏറ്റവും വലിയ കളർ ഡയമണ്ടാണിത്. ലോകത്തെ തന്നെ ഏറ്റവും വലിയ വജ്ര നിർമ്മാതാക്കളായ അൽറോസയുടെ ഭാഗമായ ഡയമണ്ട്സ് ഒഫ് അനബാറാണിത് കണ്ടെത്തിയിരിക്കുന്നത്. 47 x 24 x 22 മില്ലീമീറ്ററാണ് രത്നത്തിന്റെ അളവ്.
റഷ്യയുടെ വടക്കു ഭാഗത്തായുള്ള യാകുയിതായിലെ അനബർ നദിയിലുള്ള എബ്ലെയാഖ് ഭാഗത്ത് നിന്നുമാണ് ഈ അമൂല്യം രത്നം കണ്ടെടുത്തത്.
അസാധാരണമായാണ് ഇത്തരത്തിലുള്ള വർണരത്നങ്ങൾ ലഭിക്കുന്നത്. 2017ൽ ഇത്തരത്തിൽ മഞ്ഞ, പിങ്ക്, പർപ്പിൾ നിറത്തിലുള്ള മൂന്ന് രത്നങ്ങൾ കണ്ടെത്തിയിരുന്നു.
ഇനി ഈ വജ്രം പരുക്കൻ രൂപത്തിൽ തന്നെ സൂക്ഷിക്കുമോ അതോ വില്‍ക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.