വാഷിംഗ്ടൺ: കഴിഞ്ഞ 34 വർഷത്തിനിടെ പ്രൊഫ. അലൻ ലിച്ച്മാന്റെ ഒരു പ്രവചനവും തെറ്റിയിട്ടില്ല. പ്രത്യേകിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളത്. വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രൊഫസറായ അലന്റെ പ്രവചനം വീണ്ടും ശ്രദ്ധ നേടി. ഇക്കുറി നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തോറ്റ് തുന്നം പാടുമെന്നും ട്രംപിന് ഒരു രണ്ടാമൂഴം ഉണ്ടാകില്ലെന്നുമാണ് അലന്റെ പ്രവചനം. കൂടാതെ ജോ ബൈഡനെ തേടിയെത്തുന്നത് ഒരു ഒന്നൊന്നര വിജയമായിരിക്കുമെന്നും അലൻ പറയുന്നു.
1984 മുതൽ അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കുമെന്ന് കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് അലൻ. 13 'കീ" കൾ ഉപയോഗിച്ചാണ് അലൻ തന്റെ പ്രവചനം നടത്തുന്നത്. ഈ വർഷം ട്രംപിന് വൈറ്റ് ഹൗസ് നഷ്ടമാകുമെന്നാണ് ഇക്കുറി അലന്റെ കീ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ട്രംപ് അധികാരത്തിലേറുമെന്ന് പ്രൊഫ. അലൻ കൃത്യമായി പ്രവചിച്ചിരുന്നു. മാത്രമല്ല, ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും അലൻ പ്രവചിച്ചിരുന്നു. ഇക്കുറി കൊവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയും പൊലീസ് ക്രൂരതകളും പ്രത്യക്ഷത്തിലുള്ള വർഗീയ വിദ്വേഷവുമൊക്കെ ട്രംപിന് പാരയാകുമെന്നും അലൻ പറയുന്നു.
ഫലിച്ച തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ
1984ൽ റിപ്പബ്ളിക്കൻ പാട്ടി സ്ഥാനാർത്ഥി റൊണാൾഡ് റീഗൻ വിജയിക്കുമെന്ന് പ്രവചിച്ചു. റീഗന്റെ രണ്ടാം ഘട്ടമായിരുന്നു അത്.
1988 ജോർജ് എച്ച്. ഡബ്ള്യു ബുഷ്
1992, 1996 ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബിൽ ക്ളിന്റൻ
2004 റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ജോർജ് ഡബ്ള്യു. ബുഷ്
2008 , 2012 ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബറാക് ഒബാമ
2016 റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്
പ്രവചനം തെറ്റിച്ച 2000
2000ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അൽ ഗോർ വിജയിക്കുമെന്നായിരുന്നു പ്രവചനം. പോപ്പുലർ വോട്ടിൽ ഗോർ തന്നെയാണ് വിജയിച്ചതും. എന്നാൽ, സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ഫ്ളോറിഡയിലെ വോട്ടുകൾ വീണ്ടുമെണ്ണിയപ്പോൾ ജോർജ് ഡബ്ള്യു. ബുഷ് വിജയിക്കുകയായിരുന്നു.